ജലനിധി പദ്ധതി: പൂതാടിയില്‍ പിരിച്ച രണ്ടരക്കോടി വെള്ളക്കരം വാട്ടര്‍ അഥോറിറ്റിക്കു നല്‍കിയില്ല
1572173
Wednesday, July 2, 2025 4:53 AM IST
കല്‍പ്പറ്റ: പൂതാടി പഞ്ചായത്തില്‍ ജലനിധി പദ്ധതിയില്‍ വെള്ളക്കരമായി ഗുണഭോക്താക്കളില്‍നിന്നു പിരിച്ച രണ്ടരക്കോടി രൂപ സ്ക്രീന്‍ ലെവല്‍ എക്സിക്യുട്ടീവ് കമ്മിറ്റി(എസ്എല്‍ഇസി)വാട്ടര്‍ അഥോറിറ്റിക്ക് നല്‍കിയില്ല. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ജലനിധി പദ്ധതിയില്‍ കുടിവെള്ള വിതരണം ആരംഭിച്ച 2017 മുതല്‍ പിരിച്ച തുകയാണ് കുടിശികയായത്.
പദ്ധതിയില്‍ എല്ലാ വാര്‍ഡുകളിലുമായി 2,430 വാട്ടര്‍ കണക്ഷനാണുള്ളത്. ഓരോ ഗുണഭോക്താവില്‍നിന്നും മാസം 100 രൂപയാണ് കരം വാങ്ങിയത്. 2021 മുതല്‍ വെള്ളക്കരമായി നാമമാത്ര തുക പോലും പഞ്ചായത്തില്‍നിന്നു വാട്ടര്‍ അഥോറിറ്റിയുടെ അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ജലനിധി പ്രോജക്ട് മാനേജരായി 18-ാം വാര്‍ഡിലെ കെ. മഹേഷിനെയാണ് പഞ്ചായത്ത് ഭരണസമിതിയും എസ്എല്‍ഇസിയും ചേര്‍ന്നു നിയമിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കരം പിരിവിനും മറ്റും ഏഴ് ജീവനക്കാര്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് ഭരണസമിതി പലതവണ ആവശ്യപ്പെട്ടെങ്കിലും പിരിച്ച കരത്തിന്റെ കണക്ക് പ്രോജക്ട് മാനേജര്‍ ഹാജരാക്കിയില്ല.
എസ്എല്‍ഇസി ഓഫീസ് പ്രോജക്ട് മാനേജര്‍ പൂട്ടുകയുമുണ്ടായി. പിന്നീട് പഞ്ചായത്ത് അധികൃതരുടെ പരിശോധനയില്‍ ഓഫീസ് കംപ്യൂട്ടര്‍ ഡാറ്റയും സോഫ്റ്റ് വേറും നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രോജക്ട് മാനേജര്‍ക്കെതിരേ വിജിലന്‍സിന് പരാതി നല്കാന് 2024 ജൂലൈ 15ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. പരാതി നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയത്. ഇക്കാര്യം മിനുട്സില്‍ രേഖപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണസമിതി തീരുമാനം നടപ്പാക്കാന്‍ സെക്രട്ടറി തയാറായില്ല. ഇത് വിവാദമായിരിക്കേ പഞ്ചായത്ത് ഭരണ സമിതിയംഗം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
18-ാം വാര്‍ഡ് അംഗം ടി.എസ്. പ്രകാശനാണ് മീനങ്ങാടി വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ഭരണസമിതിയിലെ ബിജെപി അംഗമാണ് പ്രകാശന്. പിരിച്ച വെള്ളക്കരം ഉത്തരവാദപ്പെട്ടവരില്‍നിന്നു വസൂല്‍ ചെയ്യുന്നതിനും സോഫ്റ്റ്വേറും ഡാറ്റയും നശിപ്പിച്ചതിന് പിഡിപിപി(പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി)നിയമത്തിലെ വകുപ്പുള്‍ പ്രകാരം കേസെടുക്കുന്നതിനും നടപടിയാണ് പ്രകാശന് ആവശ്യപ്പെട്ടുന്നത്.
ജലനിധി പ്രശ്നത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഒത്തുകളിയുണ്ടെന്ന ആരോപണം ഭരണസമിതിയിലെ ബിജെപി അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പിരിച്ച വെള്ളക്കരം ബാങ്ക് മുഖേന വാട്ടര്‍ അഥോറിറ്റിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായും അവര്‍ പറയുന്നു. വെള്ളക്കരം കുടിശികയായ വിഷയത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെട്ടത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്.