‘ജൈവ സന്തുലനം നിലനിർത്തണം’
1572505
Thursday, July 3, 2025 5:23 AM IST
വെള്ളമുണ്ട: ജൈവ സന്തുലനം നിലനിർത്തി മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പ് ഉറപ്പാക്കണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. പഞ്ചായത്തിൽ നബാർഡിന്റെ സാന്പത്തിക സഹായത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കിയ എരുവാഞ്ചേരി നീർത്തട പദ്ധതിയിലെ പൊതു ആസ്തികളുടെ കൈമാറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലവും മണ്ണും സംരക്ഷിക്കാൻ ഏവരും തയാറാവണമെന്നു മന്ത്രി പറഞ്ഞു. പൊതു ആസ്തികളായ കോണ്‍ക്രീറ്റ് തടയണ, കോണ്‍ക്രീറ്റ് ഫാം, കുളങ്ങൾ, കരിങ്കൽ കുളം എന്നിവ പഞ്ചായത്തിന് കൈമാറി. പുലിക്കാട് ഗവ.എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് അംഗങ്ങളായ പി.കെ. അമീൻ, ബാലൻ വെള്ളരിമ്മൽ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, മാനന്തവാടി മണ്ണുസംരക്ഷണ ഓഫീസർ ഇ.കെ. അരുണ്‍, മാനന്തവാടി മണ്ണ് സംരക്ഷണ അഡീഷണൽ ഡയറക്ടർ ഡി. ആനന്ദ ബോസ്, എരുവാഞ്ചേരി നീർത്തടം കണ്‍വീനർ മുസ്തഫ മുലന്തേരി തുടങ്ങിയവർ പങ്കെടുത്തു.