മുള്ളൻകൊല്ലി മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎം, ബിജെപി ശ്രമം: ഭരണസമിതി
1572501
Thursday, July 3, 2025 5:23 AM IST
കൽപ്പറ്റ: യുഡിഎഫ് നിയന്ത്രണത്തിലുള്ള മുള്ളൻകൊല്ലി റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎമ്മും ബിജെപിയും ആസൂത്രിത ശ്രമം നടത്തുന്നതായി പ്രസിഡന്റ് സാജൻ ജോസഫ്, വൈസ് പ്രസിഡന്റ് പി.ആർ. ബാലചന്ദ്രൻ, ഡയറക്ടർമാരായ ജോസഫ് വേങ്ങാശേരി, ദേവസ്യ കാക്കനാട്ട്, രാധ വിദ്യാധരൻ, എത്സി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സൊസൈറ്റിക്കെതിരേ അടിസ്ഥാനമില്ലാതെ അഴിമതി ആരോപണം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും സമരങ്ങൾ സംഘടിപ്പിക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്ന് പതിറ്റാണ്ടുമുന്പ് പ്രവർത്തനം തുടങ്ങിയതാണ് സൊസൈറ്റി. തുടക്കം മുതൽ യുഡിഎഫ് ഭരണത്തിലുള്ള സംഘത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ നാലായിരത്തോളം കർഷകർ അംഗങ്ങളാണ്.
ഇല്ലാത്ത അഴിമതിക്കഥകൾ പറഞ്ഞ് സൊസൈറ്റിയെയും ഭരണസമിതിയെയും ഇകഴ്ത്താൻ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിൽ കോണ്ഗ്രസിലെ ഒരു വിഭാഗവുമുണ്ടെന്ന് സംശയമുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സാന്പത്തിക ക്രമക്കേട് നടത്തിയതായി സഹകരണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് സെക്രട്ടറിയടക്കം രണ്ട് ജീവനക്കാരെ സൊസൈറ്റി പുറത്താക്കിയിരുന്നു. ഇവരുടെ ഇടപെടലും സൊസൈറ്റിക്കെതിരായ പുത്തൻ നീക്കങ്ങൾക്കു പിന്നിലുണ്ടെന്നാണ് കരുതുന്നത്.
നിലവിലെ ഭരണസമിതി എല്ലാ മാസവും യോഗം ചേർന്ന് സൊസൈറ്റി പ്രവർത്തനം വിലയിരുത്തുന്നുണ്ട്. സഹകരണ വകുപ്പിന്റെ ഗ്രൂപ്പ് ഓഡിറ്റിംഗും സെൻട്രൽ ജിഎസ്ടി ഓഡിറ്റിംഗും യഥാസമയം സൊസൈറ്റിയിൽ നടക്കുന്നുണ്ട്. ഓഡിറ്റിംഗിൽ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. സിപിഎമ്മും ബിജെപിയും സൊസൈറ്റിക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. സൊസൈറ്റിക്കെതിരായ കുപ്രചാരണം കർഷകരോടുള്ള വെല്ലുവിളിയാണ്. സൊസൈറ്റി പ്രവർത്തനം ഉത്തരവാദപ്പെട്ട ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നിരിക്കേ ആരോപണങ്ങൾ കർഷകർ തള്ളുമെന്നും പ്രസിഡന്റും മറ്റും പറഞ്ഞു.