കക്കടവ് - വെട്ടുപാറപ്പടി റോഡ് കാട് മൂടുന്നു
1572511
Thursday, July 3, 2025 5:29 AM IST
വെള്ളമുണ്ട: ഗ്രാമപ്പഞ്ചായത്തിൽ പാലിയാണ, കൊമ്മയാട് വാർഡുകളെ ബന്ധിപ്പിക്കുന്ന കക്കടവ് - വെട്ടുപാറപ്പടി റോഡിന്റെ ഇരുവശവും കാടുമുടി. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഈ വഴി യാത്ര ചെയ്യാൻ പറ്റാതായി.
കക്കടവ് മുതൽ ചെന്പോട്ടി കടവ് വരെയുള്ള റോഡ് മുളംകൂട്ടങ്ങളും ഇഞ്ചക്കാടുകളും വളർന്ന് റോഡിനെ പൂർണമായും മറയ്ക്കുകയാണ്. ഇതുവഴി സ്കൂളിലേക്ക് പോകേണ്ട കുട്ടികളോടൊപ്പം മുതിർന്നവരും കൂടെ ചെല്ലേണ്ട അവസ്ഥയാണ്.
റോഡിനുരുപുറവും കാടുമുടിയതിനാൽ കക്കടവ്, തരുവണകുന്ന് പ്രദേശങ്ങളിൽ നിന്ന് വിവിധ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എടുക്കേണ്ട സ്കൂൾ വാഹനങ്ങൾ ഓട്ടം നിർത്തുവാനുള്ള തയാറെടുപ്പിലാണ്. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് യാത്രാദുരിതത്തിൽ നിന്നും പ്രദേശവാസികളെ മോചിപ്പിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.