ഇന്ത്യ മുന്നണിയെ നയിക്കാനുളള പക്വത കോണ്‍ഗ്രസിനില്ല: മന്ത്രി കെ. രാജൻ
1573153
Saturday, July 5, 2025 5:55 AM IST
സുൽത്താൻ ബത്തേരി: ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയെ നയിക്കാനുളള പക്വത കോണ്‍ഗ്രസിനില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും റവന്യു മന്ത്രിയുമായ കെ. രാജൻ. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ചീരാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിന് താത്പര്യമില്ലായിരുന്നു. കാലാവധി കഴിയാത്ത രാജ്യസഭ അംഗങ്ങളെവരെ ലോക് സഭയിലേക്ക് മത്സരിപ്പിച്ചത് ആ പാർട്ടിയുടെ അപക്വ നിലപാടുകളാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനായി ബിജെപി ഇതര സംസ്ഥാനങ്ങൾക്കെതിരേ ഗവർണർമാരെ ഉപയോഗിക്കുകയാണ്. മത ചിഹ്നങ്ങളെ ഭരണഘടനയുടെ ഭാഗമാക്കാൻ അനുവദിക്കില്ല.
മത നിരപേക്ഷത സംരക്ഷിക്കാൻ കേരളത്തിലെ മന്ത്രിമാരും ഉണ്ടാകും. സാന്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുകയാണ്. വിദ്യഭ്യാസ മേഖലയ്ക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല. ഓണക്കാലത്തേക്ക് ഭക്ഷ്യ വകുപ്പിന് ഒരു സഹായവും അനുവദിക്കില്ലെന്നാണ് കേന്ദ്ര തീരുമാനം. സാമൂഹിക സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കും.
ചൂരൽമല ദുരന്ത ബാധിതരെ കേന്ദ്രം വഞ്ചിച്ചു. എല്ലാ ദുരിത ബാധിതരുടേയും സംരക്ഷണം സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തും. രാജ്യത്തിന്റെ ഭരണ ഘടനയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ക്രൂരമായ ഭരണകൂട നയമാണിത്.
സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ നിന്ന് മാറ്റാൻ ശ്രമം നടത്തുകയാണ്. ഫെഡറൽ സംവിധാനങ്ങൾ മുന്നോട്ട് പോകണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന് അന്ത്യം കുറിക്കാൻ എല്ലാവരും ഒന്നിക്കണം. ഇന്ത്യ മുന്നണിയെ സംഘപരിവാർ ഭയപ്പെട്ടിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാന്നൂറിലധികെ സീറ്റുകൾ നേടുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.വി. ബാലൻ, പി.എം. ജോയി, സി.എസ്. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.