എടിഎം കൗണ്ടറുകൾ പൂട്ടിയത് പ്രതിസന്ധിക്കിടയാക്കുന്നു
1573156
Saturday, July 5, 2025 6:01 AM IST
മാനന്തവാടി: ബസ് സ്റ്റാൻഡിന് സമീപം എടിഎം കൗണ്ടറുകൾ അടച്ചു പൂട്ടിയത് ഉപഭോക്താക്കളെ വലയ്ക്കുന്നു. എൽഎഫ് സ്കൂൾ ജംഗ്ഷന് സമീപം എസ്ബിഐ, ഫെഡറൽ ബാങ്ക് ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ നാളുകളായി അടഞ്ഞുകിടക്കുന്നതാണ് ഉപഭോക്താക്കളെ പ്രയാസപ്പെടുന്നത്.
എ ടി എം കൗണ്ടറുകൾ തേടി ടൗണിൽ അലയേണ്ട സ്ഥിതിയെന്ന് പരാതി. ഏറെ കാലമായി പ്രവർത്തിച്ചു കൊണ്ടിരുന്ന എടിഎം കൗണ്ടറുകളാണ് അടച്ചു പൂട്ടിയത്. സമീപത്തുള്ള വ്യാപാരികളെയും പണമെടുക്കാൻ എത്തുന്ന മറ്റ് ഉപഭോക്താക്കളെയും പ്രയാസത്തിലാക്കുന്നതായാണ് പരാതി.
എൽഎഫ് സ്കൂളിന് സമീപമുള്ള എസ്ബിഐ എടിഎം കൗണ്ടർ അടച്ചുപൂട്ടിയിട്ട് മൂന്നുമാസത്തിലേറെയായി. മുന്പ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന എടിഎം കൗണ്ടറായിരുന്നു ഇത്. ദിവസവും ഒട്ടേറെ ആളുകൾ എടിഎം കൗണ്ടർ പ്രവർത്തന സജ്ജമെന്ന് കരുതി ഈ ഭാഗത്തേക്ക് വന്ന് നിരാശരായി മടങ്ങി പോകാറുണ്ട്.
50 മീറ്ററോളം മാറി എൽഎഫ് സ്കൂൾ ജംഗ്ഷന് സമീപത്തുള്ള ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറും പ്രവർത്തനരഹിതമായതിനാൽ മറ്റു ഭാഗങ്ങളിലുള്ള കൗണ്ടറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ. ബസ് സ്റ്റാൻഡ് പരിസരത്ത് എടിഎം കൗണ്ടറുകൾ പ്രവർത്തനസജ്ജമാക്കി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.