ടൗണ്‍ഷിപ്പിൽ വീടുകളുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ
1573150
Saturday, July 5, 2025 5:55 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റിൽനിന്നു ഏറ്റെടുത്ത ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ വീടുകളുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. ടൗണ്‍ഷിപ്പ് നിർമാണം വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൗണ്‍ഷിപ്പിൽ 410 വീടുകൾ അഞ്ച് സോണുകളിലാണ് പണിയുന്നത്. ആദ്യ സോണിലെ 140 വീടുകൾക്ക് ഏഴ് സെന്റ് വീതം പ്ലോട്ടുകൾക്ക് അതിർത്തി നിശ്ചയിച്ചു. 51 വീടുകൾക്ക് അടിത്തറ പണിതു. 54 വീടുകളുടെ ഡൈനാമിക് കോണ്‍ പെനിട്രേഷൻ ടെസ്റ്റ് നടത്തി. 41 വീടുകളുടെ പ്ലെയിൻ സിമന്റ് കോണ്‍ക്രീറ്റ് പൂർത്തിയായി. 19 വീടുകളുടെ ഫൗണ്ടേഷൻ പ്രവൃത്തിയും രണ്ടാംഘട്ട നിർമാണത്തിനു സ്ഥലമൊരുക്കലും പുരോഗതിയിലാണ്. മാതൃകാവീടിന്റെ നിർമാണം വൈകാതെ പൂർത്തിയാക്കും.
110 തൊഴിലാളികളാണ് നിലവിൽ ഭവന നിർമാണം നടത്തുന്നത്. ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നുവച്ച് സർക്കാർ സഹായം കൈപ്പറ്റിയവർ സന്നദ്ധ സംഘടനകൾ ലഭ്യമാക്കുന്ന ഭൂമിക്ക് കൃതൃമായ രേഖകൾ ഉറപ്പാക്കണം. ജില്ലയിലെ അധിക ഭൂമിയും ഭൂപരിഷ്കരണ നിയമം 12(3) പ്രകാരം തോട്ടം ഭൂമിയായി ലഭിച്ചവയാണ്.
ഇത്തരം ഭൂമിയുടെ തുടരംഗീകാരം ലഭ്യമാക്കാൻ റവന്യു വകുപ്പിന് കഴിയില്ല. പ്ലാന്റേഷൻ ഭൂമി മുറിച്ചുവിൽക്കുന്നതിൽ നിയമ പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന എന്നിവർ ഒപ്പമുണ്ടായിരുന്നു.