തിരുനെല്ലിയിലെ വന്യമൃഗ ആക്രമണം: കാട്ടിക്കുളം ഫോറസ്റ്റ് ഓഫീസിലേക്ക് ധർണ നടത്തി
1573145
Saturday, July 5, 2025 5:55 AM IST
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കാട്ടിക്കുളം ഫോറസ്റ്റ് ഓഫീസിലേക്ക് തിരുനെല്ലി, തൃശിലേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ധർണ നടത്തി.
തിരുനെല്ലി പഞ്ചായത്തിലെ കർഷകരാകമാനം വലിയ പ്രതിസന്ധിയും വെല്ലുവിളിയും നേരിടുകയാണ്. കുടിയേറ്റ മേഖലയായ മുത്തുമാരി, പുളിമൂട്കുന്ന്, പനവല്ലി, തിരുനെല്ലി, തോൽപ്പെട്ടി, ബാവലി, പാൽവെളിച്ചം, ചേലൂർ പ്രദേശങ്ങളിലെ കാർഷികവിളകൾ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നശിപ്പിക്കുകയാണ്. വനംവകുപ്പിന്റെ വലിയ ശ്രദ്ധക്കുറവ് ഈ വിഷയത്തിൽ ഉണ്ട് എന്ന് കോണ്ഗ്രസ് ആരോപിച്ചു.
നൈറ്റ് പട്രോളിംഗും വാച്ചർമാരെയും ഗാർഡ്മാരെയും അവരുടെ ജീവന് സുരക്ഷിതത്വം നൽകുന്ന ആയുധങ്ങൾ നൽകി ജോലിക്ക് ഉപയോഗിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ ഇത് പലപ്പോഴും നിറവേറ്റുന്നില്ല.
വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മണ്ഡലത്തിലെ എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവിന്റെ അനാസ്ഥയും വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് കാരണമാകുന്നുണ്ട്. കർഷകർക്ക് നഷ്ടപ്പെട്ട നാണ്യവിളകളുടെ പരിഹാരത്തുക 2023ന് ശേഷം നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. സതീഷ് പുളിമൂട് അധ്യക്ഷത വഹിച്ചു. കമ്മന മോഹനൻ, റഷീദ് തൃശിലേരി, കെ.ജി. രാമകൃഷ്ണൻ, ബാലനാരായണൻ, കെ.വി. ഷിനോജ്, റീന ജോർജ്, ജോർജ് അറകാക്കൻ, വി.പി. പ്രേം ദാസ്, ടി.എം. സുധാകരൻ എന്നിവർ പ്രസംഗിച്ചു.