മുഴുവൻ കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഫുഡ് സേഫ്റ്റി ലൈസൻസ് നിർബന്ധമാക്കണമെന്ന്
1573411
Sunday, July 6, 2025 6:07 AM IST
കൽപ്പറ്റ: കുടുംബശ്രീയുടേതടക്കം മുഴുവൻ കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഫുഡ്സേഫ്റ്റി ലൈസൻസ് നിർബന്ധമാക്കണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ(എകെസിഎ) ജില്ലാ പ്രസിഡന്റ് സി.എൻ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുജേഷ് ചന്ദ്രൻ, സെക്രട്ടറി കെ.സി. ജയൻ, ട്രഷറർ വിജു വർഗീസ്, പി.വി. ജിനു, ജിസ്മോൻ സൈമണ്‍, ജോബി ജോണ്‍ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആവശ്യമായ ലൈസൻസുകളോടെ ജില്ലയിൽ 50 ഓളം കാറ്ററിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനധികൃത കാറ്ററിംഗ് യൂണിറ്റുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും. ലൈസൻസുകൾ ഇല്ലാത കാറ്ററിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അധികാരികൾ ഗൗരവത്തോടെ കാണണം.
സംസ്ഥാനത്ത് ഒരു വർഷം ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അംഗീകൃത കാറ്ററിംഗ് മേഖല പ്രതിസന്ധിയിലാണ്. അനധികൃത സ്ഥാപനങ്ങളുടെ ആധിക്യം, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധന എന്നിവ പ്രതിസന്ധിക്ക് മുഖ്യ കാരണങ്ങളാണ്.
കാറ്ററിംഗ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി എട്ടിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിൽനിന്നു കാറ്ററിംഗ് സ്ഥാപന ഉടമകളും തൊഴിലാളികളും അടക്കം 100 ഓളം പേർ പങ്കെടക്കും. ജില്ലാതല സമരപ്രഖ്യാപന കണ്വൻഷൻ സംസ്ഥാന സെക്രട്ടറി മാത്യു പൂവേലിന്റെ സാന്നിധ്യത്തിൽ പുൽപ്പള്ളിയിൽ നടത്തി. ജില്ലാ സമ്മേളനം ഓഗസ്റ്റ് നാലിന് കൽപ്പറ്റയിൽ ചേരുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.