മണ്ഡല പുനർനിർണയം; ബിജെപിയുടെ ഗൂഢതാത്പര്യമെന്ന് കെ. പ്രകാശ്ബാബു
1573406
Sunday, July 6, 2025 6:07 AM IST
സുൽത്താൻ ബത്തേരി: മണ്ഡല പുനർനിർണയത്തിനു പിന്നിൽ ബിജെപിയുടെ ഗൂഢതാത്പര്യമാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.കെ. പ്രകാശ് ബാബു. ചീരാലിൽ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭയിൽ ഭാവിയിൽ ബിജെപിക്ക് കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് മണ്ഡല പുനർനിർണയം. നക്സൽ വിമുക്ത രാജ്യം എന്ന മുദ്രാവാക്യം ഇന്ത്യയെ കമ്മ്യൂണിസ്റ്റുമുക്ത രാഷ്ട്രമാക്കാനുളള നീക്കത്തിന്റെ തുടക്കമാണ്. ഇതിനെതിരേ എല്ലാ ജനാധിപത്യ ശക്തികളും രംഗത്തുവരണം. കേരളത്തിന്റെ ബദൽ രാഷ്ട്രീയത്തെ തകർക്കുക ബിജെപി അജൻഡയാണ്. ഭരണഘടനാസംരക്ഷണം പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും അഡ്വ.പ്രകാശ്ബാബു പറഞ്ഞു.
ടി.ജെ. ചാക്കോച്ചൻ, നിഖിൽ പദ്മനാഭൻ, എം. വിജയലക്ഷ്മി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.എൻ. രാജൻ, മന്ത്രി കെ. രാജൻ, വി. ചാമുണ്ണി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനർ സജി വർഗീസ് സ്വാഗതം പറഞ്ഞു.
സാംസ്കാരിക സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. അജിത് കോളാടി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം ഇന്ന് സമാപിക്കും.