വിദ്യാഭ്യാസ മേഖലയിൽ സർക്കാരിനു ദീർഘവീക്ഷണമില്ല: കെസിസി
1591221
Saturday, September 13, 2025 3:44 AM IST
തിരുവല്ല: വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ദീർഘവീക്ഷണം നഷ്ടമായതാണ് ഇന്നത്തെ പ്രധാന പ്രശ്നമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്. സാധാരണക്കാരന് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സേവന മനോഭാവത്തോടെ മുന്നിട്ടിറങ്ങിയ മാനേജ്മെന്റുകളെ ചേര്‍ത്തുനിര്‍ത്തി എയ്ഡഡ് ക്രമത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലും പ്രോത്സാഹനത്തിലും മുന്‍പോട്ടു നയിച്ച മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ വീക്ഷണം ഇന്നത്തെ സർക്കാരിനില്ല.
ഭ്രാന്താലയമായിരുന്ന കേരളത്തെ സാക്ഷരതയിലും പുരോഗതിയിലും ലോകനിലവാരത്തിലെത്തിച്ചത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പള്ളിയോടുചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിച്ച് കേരള നവോത്ഥാനത്തിന് നേതൃത്വം നല്കിയ ക്രൈസ്തവ സ്ഥാപനങ്ങളെ ഇല്ലാതാക്കുവാനുള്ള ബോധപൂര്‍വമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിനെ കെസിസി കൺസോർഷ്യം അപലപിച്ചു.
ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനം തടഞ്ഞ സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ നിന്നും എന്‍എസ്എസ് മാനേജ്മെന്റിന് ലഭ്യമായ ഉത്തരവ് സമാനസ്വഭാവമുള്ള ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്ക് ബാധകമല്ല എന്ന സര്‍ക്കാര്‍ ഉത്തരവ് തുല്യനീതിയുടെ നിഷേധമാണ്.
ഭിന്നശേഷി മേഖലയിലെ നിയമനം സര്‍ക്കാര്‍ ബോധപൂര്‍വം താമസിപ്പിച്ച് നൂറുകണക്കിന് അധ്യാപകരുടെ ശമ്പളം നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. 2016 മുതല്‍ കേരളത്തിലെ വിവിധ എയ്ഡഡ് സ്കൂളുകളില്‍ അധിത തസ്തിക, വിരമിക്കൽ, സ്ഥാനക്കയറ്റം, രാജിവയ്ക്കൽ തുടങ്ങിയവ മൂലമുണ്ടായ തസ്തികകളില്‍ നിയമനം നേടിയ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കാതെ സര്‍ക്കാര്‍ മനഃപൂർവമായ അനാസ്ഥ കാട്ടുകയാണ്.
ഒരു വര്‍ഷമായിട്ടും ദിവസവേതനം പോലും ലഭിക്കാത്ത ജീവനക്കാരുണ്ടെന്നുള്ളത് വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളില്‍ നിയനമടപടി സ്വീകരിക്കുന്നതിന് കണ്‍സോര്‍ഷ്യം തീരുമാനിച്ചു.
കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പി.എസ്. ഫ്രാന്‍സിസ്, കുരുവിള മാത്യു, ഫാ. സജു തോമസ്, ചാണ്ടി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. കെസിസി സ്കൂള്‍ മാനേജേഴ്സ് കണ്‍സോര്‍ഷ്യത്തിന്റെ കോഓര്‍ഡിനേറ്റേഴ്സായി പി.എസ്. ഫ്രാന്‍സിസ്, കുരുവിള മാത്യു എന്നിവരെ തെരഞ്ഞെടുത്തു.