ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കൈയിലെ മുറിവ് പരിശോധിക്കാതെ ഏഴുവയസുകാരന് പ്ലാസ്റ്ററിട്ടു
1591222
Saturday, September 13, 2025 3:44 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കൈയിലെ മുറിവ് വ്രണമായി രൂപപ്പെട്ടപ്പോൾ ഏഴുവയസുകാരൻ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടി. പത്തനംതിട്ട കൊടുന്തറ പടിഞ്ഞാറെ വിളയിൽ മനോജ് -രാധ ദമ്പതികളുടെ മകൻ മനു (ഏഴ്) സൈക്കിളിൽനിന്നും വീണ് കൈക്ക് പരിക്കേറ്റിരുന്നു.
കൈയിലെ മുറിവ് പരിശോധിക്കാതെ ചതവിനു അത്യാഹിത വിഭാഗം ഡോക്ടർ പ്ലാസ്റ്ററിട്ടതാണ് ഗുരുതര പ്രശ്നങ്ങൾക്കു വഴിവച്ചത്. രണ്ടാഴ്ച മുന്പാണ് മനുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുക്കുകയും പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയുമായിരുന്നു.
ഒരാഴ്ച കഴിഞ്ഞ്ഓർത്തോവിഭാഗം ഡോക്ടറെകാണിക്കാനും നിർദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം ഓർത്തോ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയുണ്ടായി.
വീട്ടിൽ എത്തി കഴിഞ്ഞ് കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു തുടങ്ങി. പരിശോധിച്ചപ്പോൾ വ്രണവും പഴുപ്പു മുള്ളതായികണ്ടു. ഞായറാഴ്ച വൈകുന്നേരം ജനറൽ ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ കൈ പരിശോധിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടർ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
എന്നാൽ, കോട്ടയത്തേക്ക് പോകാതെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചു. കൈയിലെ വ്രണം പഴുത്ത് ഗുരുതരമായതോടെ അവിടെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് അച്ഛൻ മനോജ് പറഞ്ഞു. ജനറൽ ആശുപത്രിയിലെ ചികിൽസാ പിഴവ് സംബന്ധിച്ച്ആരോഗ്യ മന്ത്രി, ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവർക്ക് പരാതി നൽകുമെന്നും മനോജ് പറഞ്ഞു.