റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നു
1591231
Saturday, September 13, 2025 3:47 AM IST
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ - ആമല്ലൂർ റോഡിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നു. അസഹ്യമായ ദുർഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
വീടുകളിലെയും കടകളിലെയും മാലിന്യങ്ങൾ കൂടാതെയാണ് കോഴിഫാമുകളിൽ നിന്നുള്ള മാലിന്യങ്ങളും അറവുശാലയിലെ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത്.
രാത്രിയിൽ ചാക്ക് കെട്ടുകളിലാക്കിയ മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ചാണ് തള്ളുന്നത്. തെരുവ് നായ്ക്കൾ കടിച്ചുകീറിയും വാഹനങ്ങൾ കയറിയിറങ്ങിയും മാലിന്യങ്ങൾ നാല് വശവും ചിതറിക്കിടക്കുകയാണ്.
റെയിൽവേസ്റ്റേഷനിലേക്കുള്ള യാത്രക്കാരോടൊപ്പം ആമല്ലൂർ നിവാസികൾക്ക് തിരുവല്ല ടൗണിൽ പോകാനുള്ള മാർഗമാണ് ഈ റോഡ്. സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ ഇനിയും ചെവിക്കൊണ്ടിട്ടില്ല.