പാചകശാലയിൽ അഗ്നി പകർന്നു, ലക്ഷംപേരുടെ സദ്യ നാളെ
1591226
Saturday, September 13, 2025 3:44 AM IST
ആറന്മുള: ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ നാളെ. ഒരുലക്ഷത്തോളം ആളുകൾക്ക് സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പാചകശാലയിൽ ഇന്നലെ അഗ്നി പകർന്നു. ക്ഷേത്രശ്രീകോവിലിൽ നിന്ന് പകർന്ന ഭദ്രദീപം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഏറ്റുവാങ്ങി വള്ളപ്പാട്ടോടെ ഊട്ടുപുരയിൽ എത്തി നിലവിളക്കിൽ അഗ്നി പകർന്നു.
തുടർന്ന് പ്രത്യേകം തയാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്ന് പാചക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കങ്ങൾ കൺവീനർ പുതുകുളങ്ങര സുരേഷിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
അഗ്നി പകരൽ ചടങ്ങിൽ ദേവസ്വം അഡ്മിനിട്റ്റീവ് ഓഫീസർ രേവതി മലയാലപ്പുഴ, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, അരി വഴിപാടായി സമർപ്പിച്ച സന്തോഷ് നായർ, കൺവീനർ പുതുക്കുളങ്ങര സുരേഷ്, നിർവാഹക സമിതിയംഗം രവീന്ദ്രൻ നായർ, ഹരിചന്ദ്രൻ, കെ.എസ്.സുരേഷ് കുമാർ, അജയ് ഗോപിനാഥ്, ബി.കൃഷ്ണകുമാർ, ഡോ. സുരേഷ്,
പാർത്ഥസാരഥി ആർ.പിള്ള, ടി.കെ.രവീന്ദ്രൻനായർ, വിജയകുമാർ, ശശികണ്ണങ്കേരി, മാലക്കര ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. നാളെ രാവിലെ 10.30ന് സദ്യയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
52 പള്ളിയോടങ്ങളിൽ എത്തുന്നവർക്കും അന്നേദിവസം സദ്യയിൽ പങ്കെടുക്കാൻ വരുന്നവർക്കുമാണ് ഭക്ഷണ ക്രമീകരണം ചെയ്യുന്നത്. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വള്ളസദ്യക്കുള്ള വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയാറാക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് മറ്റ് ഭക്തജനങ്ങൾക്കുമാണ് സദ്യ വിളമ്പുന്നത്. ഏതാണ്ട് 500 ഓളം പേരാണ് ഇതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്.
ആറന്മുള ദേവസ്വം ഓഫീസിലും ആനക്കൊട്ടിൽ പ്രത്യേക കൗണ്ടറിലും പള്ളിയോട സേവാസംഘം ഓഫീസിലും ടിക്കറ്റുകൾ ലഭ്യമാണ്. സംഭാവന നൽകുന്നവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് സദ്യ ക്രമീകരിച്ചിട്ടുള്ളത്.
കരയിലെ വിശിഷ്ട വ്യക്തികൾക്ക് വിനായക ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി സദ്യ നൽകും. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ഇന്ന് രാവിലെ എത്തും.
സദ്യ തയാറാക്കാനുള്ള ചുമതല ഇത്തവണയും ഹരിശ്ചന്ദ്രന്
ആറന്മുള: ആറന്മുള ക്ഷേത്രമതിലകത്ത് അഷ്ടമിരോഹിണി ദിവസം എത്തുന്ന ഒരുലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് സദ്യ ഒരുക്കി നല്‍കാനുള്ള നിയോഗം ഇത്തവണയും സി.കെ.ഹരിശ്ചന്ദ്രന്. ചെറുകോല്‍ സോപാനം കേറ്ററിംഗ് ഉടമയായ ഹരിശ്ചന്ദ്രന് തുടര്‍ച്ചയായി അഞ്ചാംതവണയാണ് സദ്യ ഒരുക്കാനുള്ള അവസരം ലഭിക്കുന്നത്.
44 വിഭവങ്ങളാണ് സദ്യയിൽ തൂശനിലയില്‍ വിളമ്പുന്നത്. ആറന്മുളയുടെ പാരന്പര്യ പ്രകാരം പാടി ചോദിക്കുന്ന വിഭവങ്ങൾ വേറെ കരുതുകയും വേണം. 80 പാചകക്കാരും 125 വിളമ്പുകാരും മറ്റ് ജോലിക്കാരും ഉള്‍പ്പെടെ 300 പേരാണ് സദ്യ ഒരുക്കുന്നതില്‍ പങ്കെടുക്കുന്നത്.
ക്ഷേത്രമുറ്റത്തും വടക്കേമാളികയിലും പാഞ്ചജന്യം ഓഡിറ്റോറിയത്തിലും ആണ് സദ്യ വിളമ്പുന്നത്. മുന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അംഗവും എന്‍എസ്എസ് റാന്നി താലൂക്ക് യൂണിയന് കമ്മറ്റി അംഗവുമാണ് ഹരിശ്ചന്ദ്രൻ.