അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ളായി വി​ഷു വി​പ​ണി ഉ​ണ​ർ​ന്നു
Saturday, April 13, 2024 4:08 AM IST
മൂ​വാ​റ്റു​പു​ഴ: മേ​ട​പ്പു​ല​രി​ക്ക് ഒ​രു​നാ​ള്‍ മാ​ത്രം ശേ​ഷി​ക്കേ ത​കൃ​തി​യാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ വി​ഷു വി​പ​ണി.

പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ളു​മാ​യി പു​തി​യൊ​രു വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന വി​ഷു​നാ​ളി​നാ​യു​ള്ള മൂ​വാ​റ്റു​പു​ഴ​ക്കാ​രു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു.

വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ക​ണി ഒ​രു​ക്കു​ന്ന​തി​നു​ള്ള വി​ഭ​വ​ങ്ങ​ളും, പ​ട​ക്ക​ങ്ങ​ളും, ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പ്ര​തി​മ​ക​ളു​മ​ട​ക്കം സ്ഥാ​നം പി​ടി​ച്ചു ക​ഴി​ഞ്ഞു.

വി​ഷു​ക്ക​ണി​യി​ലെ പ്ര​ധാ​ന താ​ര​മാ​യ ക​ണി​ക്കൊ​ന്ന ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് ത​ന്നെ മ​ഞ്ഞ​വ​സ​ന്തം തീ​ര്‍​ത്ത് ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പൂ​ചൂ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. പ​ച്ച​ക്ക​റി​, പ​ഴ​വ​ര്‍​ഗ​വിപണി‍ സ​ജീ​വ​മാ​യി​.

ചെ​റു​പ​ഴം, മു​ന്തി​രി, ഓ​റ​ഞ്ച്, ആ​പ്പി​ള്‍, തേ​ങ്ങ, ച​ക്ക, മ​ത്ത​ന്‍, പ​ട​വ​ലം, കു​മ്പ​ളം തു​ട​ങ്ങി ക​ണി​ക​ണ്ടു​ണ​രാ​ന്‍ ആ​വ​ശ്യ​മാ​യ​തെ​ല്ലാം മൂ​വാ​റ്റു​പു​ഴ​യി​ലെ വി​പ​ണി​യി​ല്‍ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. ആ​പ്പി​ള്‍ 180, മു​ന്തി​രി 120 മു​ത​ല്‍ 180 വ​രെ, ചെ​റു​പ​ഴം 40, തേ​ങ്ങ 40, ക​ണി​വെ​ള്ള​രി 20, കു​മ്പ​ളം 25, പ​ട​വ​ലം 30 എ​ന്നി​ങ്ങ​നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​പ​ണി​യി​ലെ വി​ല.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് എ​ല്ലാ വി​ഭ​ങ്ങ​ള്‍​ക്കും വി​ല കു​റ​വാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

വി​വി​ധ നി​റ​ത്തി​ലും, വ​ലി​പ്പ​ത്തി​ലു​മു​ള്ള ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പ്ര​തി​മ​ക​ളും ന​ഗ​ര​വീ​ഥി​ക​ളി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ല്‍ പ​ട​ക്ക വ്യാ​പാ​ര​വും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്.