കെജി മിൽ റോഡിൽ വാഹനാപകടം; 14 കർണാടക സ്വദേശികൾക്ക് പരിക്ക്
1298183
Monday, May 29, 2023 12:14 AM IST
കോയന്പത്തൂർ : കർണാടകയിൽ നിന്നുള്ള 20 യാത്രക്കാരുമായെത്തിയ വാൻ കെജി മിൽ റോഡിന് സമീപം നിയന്ത്രണം വിട്ട് എതിരെ വന്ന ജീപ്പിൽ ഇടിച്ചു.
വാനിലുണ്ടായിരുന്ന 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന മിൽ തൊഴിലാളികൾക്കും പരിക്കേറ്റു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോയന്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വടവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേലാർകോട് പള്ളിയിൽ വണക്കമാസ
തിരുനാൾ ആഘോഷിച്ചു
ആലത്തൂർ : മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ.ബിജു കുമ്മംകോട്ടിൽ മുഖ്യ കാർമികനായി.
വികാരി ഫാ.സേവ്യർ വളയത്തിൽ സഹകാർമികനായി. ഫാ.ആൻസൻ കൊച്ചറയ്ക്കൽ വചന സന്ദേശം നല്കി. തുടർന്ന് തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് ഫാ.ജോബി തെരുവിക്കൽ കാർമികനായി. ലദീഞ്ഞ്, വിശുദ്ധ കുരിശിന്റെ ആശീർവാദം, നേർച്ച വിതരണം എന്നിവയോടെ തിരുനാളിന് സമാപനമായി.
ആവാസ് യോജന സിറ്റിംഗ് ജൂണ്‍ 24 ന്
പാലക്കാട് : ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിന് ജൂണ്‍ 24 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സിറ്റിംഗ് നടത്തും.