സോണിയാ ഗാന്ധി
ന്യൂഡൽഹി: വർഷങ്ങളായി തന്‍റെ കുടുംബത്തെ വേട്ടയാടുന്ന നുണപ്രചാരണങ്ങൾക്ക് മുന്നിൽ ഇനിയും നിശബ്ദയായിരിക്കാനാവില്ലെന്ന തിരിച്ചറിവാണ് ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന് ജന്മം നൽകിയതെന്ന് സോണിയ ഗാന്ധി. ഡൽഹിയിൽ തന്‍റെ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് സോണിയയുടെ തുറന്നുപറച്ചിൽ.
തന്നെയും ഭർതൃമാതാവ് ഇന്ദിരാഗാന്ധിയെയും മക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കുറിച്ച് കാലങ്ങളായി തെറ്റായ വിവരങ്ങൾ പ്രചരിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇതിനെതിരേ പ്രതികരിക്കേണ്ടതുണ്ടെന്നും സ്വന്തം കഥ ലോകത്തോട് പറയാനുള്ള ഏറ്റവും ഉചിതമായ മാർഗം പുസ്തകരചനയാണെന്നും തിരിച്ചറിഞ്ഞു. തുടക്കത്തിൽ പുസ്തകം എഴുതാൻ തയാറായിരുന്നില്ലെങ്കിലും മക്കളായ രാഹുലിന്‍റെയും പ്രിയങ്കയുടെയും സുഹൃത്ത് മഞ്ജുളികയുടെയും നിരന്തരമായ നിർബന്ധമാണ് തന്നെ അതിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി.
ഡയറി എഴുതുന്ന ശീലമില്ലാത്തതിനാൽ ജീവിതാനുഭവങ്ങൾ ഓർത്തെടുത്ത് എഴുതുകയായിരുന്നുവെന്ന് സോണിയ കൂട്ടിച്ചേർത്തു. തുടക്കത്തിൽ എഴുത്ത് പ്രയാസകരമായിരുന്നെങ്കിലും പിന്നീട് ഓർമകൾ അണപൊട്ടിയൊഴുകുന്നതുപോലെ പകർത്താനായി. സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നുപറയാനുള്ള വേദിയായാണ് ഈ പുസ്തകത്തെ കണ്ടതെന്നും സോണിയ പറഞ്ഞു.
Tags : SoniaGandhi Book Reason Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash