ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹോർത്തൂസ് സാഹിത്യോത്സവം അരങ്ങേറി
ബിനോയി സെബാസ്റ്റ്യൻ
Tuesday, May 20, 2025 3:18 PM IST
ഡാളസ്: മലയാള സാഹിത്യ സാംസ്കാരികതയുടെ സമന്വയമായ മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവം കേരളത്തിനു പുറത്ത് ഇതാദ്യമായി ഡാളസിൽ അരങ്ങേറി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ മലയാളികൾ സൗഹൃദസദസിൽ പങ്കെടുത്തു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും ഭാഷാപോഷിണി എഡിറ്റർ ഇൻ ചീഫുമായ ജോസ് പനച്ചിപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ള മുഖ്യപ്രഭാഷണം നടത്തി.
എഴുത്തുകാരനും നടനുമായ തമ്പി ആന്റണി തന്റെ എഴുത്തനുഭവങ്ങൾ പങ്കുവച്ചു. ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

വേദിയിൽ ജോസ് പനച്ചിപ്പുറം അമേരിക്കൻ മലയാളികൾക്കായി ഡോ. എം.വി. പിള്ളയെ പൊന്നാട അണിയിച്ചാദരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തും അമേരിക്കൻ മലയാളികൾക്കെന്നും പ്രചോദനമാണെന്ന് ജോസ് പനച്ചിപ്പുറം അഭിപ്രായപ്പെട്ടു.
സാംസ്കാരിക കലാ പ്രവർത്തനങ്ങളുടെ അംഗീകാരമെന്ന നിലയിൽ തമ്പി ആന്റണിയെ ജോസ് പനച്ചിപ്പുറം പൊന്നാടയണിയിച്ചു. പത്രപ്രവർത്തനത്തിന്റെ അരനൂറ്റാണ്ടു ആഘോഷിക്കുന്ന ജോസ് പനച്ചിപ്പുറത്തിനെ ആദരിക്കുന്ന ചടങ്ങും വേദിയിൽ നടന്നു.
മലയാളി അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് അദ്ദേഹത്തിനെ മലയാളഭാഷയ്ക്കും പത്രപ്രവർത്തനത്തിനും എഴുത്തിനും നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി മൊമന്റോ നൽകിയാദരിച്ചു.

സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിലും സ്വന്തം രചനകളുടെ അവതരണത്തിലും ജോജോ കോട്ടയ്ക്കൽ, ബാബു ചിറയിൽ (കവിത), മാർട്ടിൻ ജോസഫ്(ചെറുകഥ), മധു (കവിത), ബിനോ കല്ലുങ്കൽ(കവിത), എബ്രഹാം ചെറിയാൻ (കവിത), ജോസൺ (കവിത) തുടങ്ങിയവർ പങ്കെടുത്തു.
ഫോമ സതേൺ റീജിയൺ വൈസ് പ്രസിഡന്റ് ബിജു ലോസൺ പങ്കെടുത്തു. ഗാനരചയിതാവും കവിയുമായ ഫാ. ജോൺ പിച്ചാപ്പിള്ളി, കലാവേദി ചെയർമാൻ സിബി ഡേവിഡ് എന്നിവരുടെ ആശംസാവാക്കുകൾ സദസിൽ വായിച്ചു.
ബിനോയി സെബാസ്റ്റ്യൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. രേഷ്മ രഞ്ജിത് അവതാരകയും ഡക്സ്റ്റർ ഫെരേര പ്രോഗ്രാം കോഓർഡിനേറ്ററുമായിരുന്നു.