തെരഞ്ഞെടുപ്പിലെ എതിരാളിയെ ഭീഷണിപ്പെടുത്തി; ഫ്ലോറിഡയിലെ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥിക്ക് മൂന്ന് വർഷം തടവ്
പി.പി. ചെറിയാൻ
Friday, May 23, 2025 7:34 AM IST
ഫ്ലോറിഡ: ഫ്ലോറിഡയിലെ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥിയ്ക്ക് മൂന്ന് വർഷം തടവ്. സെന്റ് പീറ്റേഴ്സ്ബർഗിലെ വില്യം റോബർട്ട് ബ്രാഡോക്ക് മൂന്നാമനാണ് (41) ടാമ്പ ഫെഡറൽ കോടതി മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചത്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് ശിക്ഷ വിധിച്ചത്.
ഫെബ്രുവരിയിൽ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു2021ൽ യുഎസ് പ്രതിനിധി സഭയിലെ ഫ്ലോറിഡയിലെ 13ാമത് കോൺഗ്രഷനൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയായിരുന്ന യുഎസ് പ്രതിനിധി അന്ന പൗളിന ലൂണയെ കൊലപ്പെടുത്താനാണ് ബ്രാഡോക്ക് ഗൂഡാലോചന നടത്തിയത്.
ലൂണയെ അവഹേളിക്കുകയും അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറാൻ ബ്രാഡോക്ക് മാസങ്ങളോളം ശ്രമം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2021 ജൂണിൽ ലൂണയുടെ സുഹൃത്തും ജിഒപി ആക്ടിവിസ്റ്റുമായ എറിൻ ഓൾഷെവ്സ്കിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ 13ാമത് ഡിസ്ട്രിക്റ്റിലേക്കുള്ള മത്സരത്തിൽ നന്നായി വോട്ടെടുപ്പ് തുടർന്നാൽ ലൂണയെ റഷ്യൻ-യുക്രേനിയൻ ഹിറ്റ് സ്ക്വാഡ് കൊലപ്പെടുത്തുമെന്ന് ബ്രാഡോക്ക് ഭീഷണിപ്പെടുത്തുകയായിരുന്നുബ്രാഡോക്ക് പിന്നീട് തായ്ലൻഡിലേക്കും ഒടുവിൽ ഫിലിപ്പീൻസിൽ സ്ഥിരതാമസമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
2023ലാണ് മനിലയിലെ അധികാരികൾക്ക് മുൻപാകെ കീഴടങ്ങിയത്. വിചാരണ നേരിടാൻ കഴിഞ്ഞ ആഴ്ചയിലാണ് യുഎസിലേക്ക് തിരികെ എത്തിയത്.