ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ്; ഒരുക്കങ്ങൾ പൂർത്തിയായി
പി.പി. ചെറിയാൻ
Thursday, May 22, 2025 5:13 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ വോളീബോൾ ഇതിഹാസം അന്തരിച്ച ജിമ്മി ജോർജിന്റെ സ്മരണാർഥം അമേരിക്കയിലെ കായികപ്രേമികളുടെ സംഘടനയായ കേരള വോളീബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ(കെവിഎൽഎൻഎ) ആഭിമുഖ്യത്തിൽ 35 വർഷമായി നടത്തി വരുന്ന ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ശനി, ഞായർ ദിവസങ്ങളിൽ ഹൂസ്റ്റണ് സമീപമുള്ള ആൽവിൻസിറ്റിയിലെ അപ്സെഡ് സ്പോർട്സ് പ്ലക്സിലാണ് ടൂർണമെന്റ് നടക്കുന്നത്. ജോസ് കുന്നത് പ്രസിഡന്റും ബിനോയ് ജോർജ് സെക്രട്ടറിയും തോമസ് ജോർജ് ട്രഷററുമായ ഹൂസ്റ്റൺ ചാലഞ്ചേഴ്സ് ക്ലബാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ടൂർണമെന്റിന്റെ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ജോജി ജോസ് അറിയിച്ചു. ജോജി ജോസിനോടൊപ്പം വിനോദ് ജോസഫ്, ബോസ് കുര്യൻ എന്നിവർ ജനറൽ കോഓർഡിനേറ്റേഴ്സായും നേതൃത്വം നൽകുന്ന പതിനഞ്ചോളം കമ്മിറ്റികളും ടൂർണമെന്റ് നടത്തിപ്പിനായി പ്രവർത്തിക്കുന്നുണ്ട്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 12 ഓളം ടീമുകളാണ് ഇത്തവണ ഈ സൂപ്പർ ട്രോഫി കരസ്ഥമാക്കാൻ കളത്തിലിറങ്ങുന്നത്. 40 വയസിന് മുകളിലുള്ളവർക്കായും 18 വയസിന് താഴെയുള്ളവർക്കായും വേറെയും മത്സരങ്ങൾ നടത്തപ്പെടുന്നു.
മത്സരങ്ങൾ കാണുന്നതിനായും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എത്തുന്ന വൻ ജനാവലിയെ എതിരേൽക്കുവാൻ ഹൂസ്റ്റൺ ഒരുങ്ങി കഴിഞ്ഞു. ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ ഓസ്റ്റിൻ സിറ്റിയിൽ നിന്നുമുള്ള പിഎസ്ജി ഗ്രൂപ്പിന്റെ ഉടമകളായ ജിബി പാറക്കലും ഭാര്യ ഷാനി പാറക്കലും ആണ്.
പിഎസ്ജി റിയൽറ്റി, പിഎസ്ജി കൺസ്ട്രക്ഷൻ, പിഎസ്ജി മൂവീസ്, പിഎസ്ജി ഹോസ്പിറ്റാലിറ്റി ആൻഡ് ചാരിറ്റി ഐഎൻസി, എന്നിങ്ങനെ അനേകം കമ്പനികളുടെ ഉടമകളാണ് ജിബി പാറക്കലും ഷാനി പാറക്കലും.
ക്വാർക്ക് ആൻഡ് ഡാനിയൽ എന്ന പേഴ്സണൽ ഇഞ്ചുറി ലോ ഫേമാണ് പ്ലാറ്റിനം സ്പോൺസർ. ഡയമണ്ട് സ്പോൺസർ അമേരിക്കയിലെ തന്നെ മികച്ച പ്ലാസ്റ്റിക് മാനുഫാക്ചറിംഗ് കമ്പനികളിൽ ഒന്നായ കെംപ്ലാസ്റ്റിന്റെ സിഇഒയും ജിമ്മി ജോർജിന്റെ ബന്ധുവുമായ അലക്സാണ്ടർ കുടക്കചിറയാണ്.
ടൈം സർജൻസ് എന്ന ഓർത്തോപീഡിക് സ്പെഷ്യലിറ്റി ഗ്രൂപ്പിന്റെ സിഇഒ ഡോ. അനീഷ് പോറ്റിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമാണ് ഗോൾഡ് സ്പോൺസർഷിപ് ചെയ്യുന്നത്.
പ്രശസ്ത ഓർത്തോപീഡിക് സർജനായ അനീഷ് പോറ്റി ക്ലബിന്റെ പ്രത്യേക അഭ്യർഥനയെ മാനിച്ച് ടൂർണമെന്റിന്റെ രണ്ടു ദിവസങ്ങളിലും മെഡിക്കൽ ടീമിനെ നയിക്കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ചെറുതും വലുതുമായി ഹൂസ്റ്റണിലും സമീപത്തുമുള്ള അനേക സ്ഥാപനങ്ങളും വ്യക്തികളും ഈ മത്സരത്തിനു ചെലവിലേക്ക് സംഭാവനകൾ നൽകിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
എല്ലാ സ്പോൺസേഴ്സിനോടും ഹൂസ്റ്റൺ ചലഞ്ചേഴ്സ് ക്ലബിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറർ തോമസ് ജോർജും കോർഡിനേറ്റർ ബോസ് കുര്യനും അറിയിച്ചു.
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും ജിമ്മി ജോർജിന്റെ ആരാധകരെയും ജിമ്മി ജോർജിന്റെ സ്മരണ നിലനിർത്താനുള്ള ഈ കായിക മാമാങ്കത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി ഹൂസ്റ്റൺ ചലഞ്ചേഴ്സ് ഭാരവാഹികൾ അറിയിച്ചു.