ഹാർവാഡിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ്
Friday, May 23, 2025 11:52 AM IST
ന്യൂയോർക്ക്: ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം. നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ വേറെ സർവകലാശാലകളിലേക്കു മാറണമെന്നും അല്ലാത്ത പക്ഷം അവരുടെ വിദ്യാർഥി വിസ റദ്ദ് ചെയ്യുമെന്നുമാണ് മുന്നറിയിപ്പ്.
വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഹാർവാഡ് സർവകലാശാലയിലെ വിദ്യാർഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽനിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം മാത്രം 6,700 വിദേശ വിദ്യാർഥികളാണ് ഹാർവാഡിൽ പ്രവേശനം നേടിയത്. നേരത്തെ ഹാർവാഡ് സർവകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം ട്രംപ് നിർത്തിയിരുന്നു. കോഴ്സ് പ്രവേശന നടപടികളിലുൾപ്പെടെ ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെയായിരുന്നു പ്രതികാര നടപടി.
ട്രംപിന്റെ നടപടികൾ നിയമാനുസൃതമല്ലെന്നാണ് ഹാർവാഡ് സർവകലാശാലയുടെ പ്രതികരണം. അതേസമയം, വിദേശ വിദ്യാർഥികളുടെ വിസ നിർത്തലാക്കുന്നതും അറസ്റ്റ് ചെയ്ത് തടവിൽവയ്ക്കുന്നതും ഫെഡറൽ കോടതി താത്കാലികമായി തടഞ്ഞു.