പൈതൃക മാസ പ്രഖ്യാപനത്തിൽ ഉഷ വാൻസിനെയും തുൾസി ഗബ്ബാർഡിനെയും ആദരിച്ച് ട്രംപ്
പി.പി. ചെറിയാൻ
Thursday, May 22, 2025 6:57 AM IST
വാഷിംഗ്ടൺ ഡിസി: ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (എഎപിഐ) പൈതൃക മാസം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ഐലൻഡർമാരുടെയും സംഭാവനകളെ അംഗീകരിച്ച് കൊണ്ടാണ് പൈതൃക മാസ പ്രഖ്യാപനം.
സെക്കൻഡ് ലേഡി ഉഷ ചിലുകുരി, നാഷനൽ ഇന്റിലജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവരുൾപ്പെടെയുള്ള പ്രധാന വ്യക്തികളെയും ആദരിച്ചു. ഈ മാസം 16നായിരുന്നു പൈതൃകമാസ പ്രഖ്യാപനം.
1980 കളിൽ ലക്ഷ്മിയും രാധാകൃഷ്ണ ചിലുകുരിയും ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ഉന്നത വിദ്യാഭ്യാസത്തിനായി ജീവിതം സമർപ്പിച്ചുവെന്നും അമേരിക്കയിൽ ജീവിതം കെട്ടിപ്പടുക്കുകയും കുടുംബത്തെ വളർത്തുകയും ചെയ്തുവെന്നും മകൾ ഉഷ ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെക്കൻഡ് ലേഡിയായി സേവനമനുഷ്ഠിക്കുന്നുവെന്നും അവരുടെ സമർപ്പണത്തെയും സേവനത്തെയും പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
തുളസി ഗബ്ബാർഡിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനും ഇപ്പോൾ നാഷനൽ ഇന്റലിജൻസ് ഡയറക്ടറായും തന്റെ കരിയർ സമർപ്പിച്ച അമേരിക്കൻ സമോവ സ്വദേശിനി’ എന്നാണ് ട്രംപ് അവരെ വിശേഷിപ്പിച്ചത്.
രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിൽ ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ദ്വീപുവാസികളുടെയും പ്രധാന പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. നിലവിൽ 77,000ത്തിലധികം ഏഷ്യൻ അമേരിക്കൻ, പസഫിക് ദ്വീപുവാസികൾ യുഎസ് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അവരുടെയും അവരുടെ മുൻ തലമുറകളുടെയും സേവനം "ശക്തവും സുരക്ഷിതവും സമ്പന്നവുമായ ഒരു രാജ്യത്തിന്റെ’ കേന്ദ്രബിന്ദുവാണെന്നും പ്രസിഡന്റ് വിശേഷിപ്പിച്ചു. 2025 മേയ് മാസം ഏഷ്യൻ അമേരിക്കൻ, പസഫിക് ദ്വീപുവാസികളുടെ പൈതൃക മാസമായി പ്രഖ്യാപിച്ച ട്രംപ് എല്ലാ അമേരിക്കക്കാരെയും എഎപിഐ സമൂഹങ്ങളുടെ പൈതൃകത്തെയും സംഭാവനകളെയും കുറിച്ച് കൂടുതലറിയാനും ഉചിതമായ പ്രവർത്തനങ്ങളിലൂടെ ഈ മാസം ആചരിക്കാനും ആവശ്യപ്പെട്ടു.