ജോർജി വർഗീസ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന്റെ കോഓർഡിനേറ്റർ
ശ്രീകുമാർ ഉണ്ണിത്താൻ
Friday, May 23, 2025 5:02 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനായ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ(ഫൊക്കാന) ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരത്തിന് നേതൃത്വം നൽകാൻ മുൻ പ്രസിഡന്റ് ജോജി വർഗീസിനെ ചുമതലപ്പെടുത്തിയതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസും പ്രസിഡന്റ് സജിമോൻ ആന്റണിയും അറിയിച്ചു.
കേരള സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാലയും ഫൊക്കാനയുമായി ചേര്‍ന്ന് നല്കുന്ന അവാർഡ് ആണ് ഭാഷയ്ക്കൊരു ഡോളര്‍.
ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കാന ഭാഷയ്ക്കൊരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരള സര്‍വകലാശാലയാണ് ഈ അവാർഡ് നിർണയത്തിന് നേതൃത്വം നൽകുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്.
ജോർജി വർഗീസ് ഫൊക്കാനയില്‍ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ കൗൺസിൽ അംഗമായും പ്രവർത്തിച്ച അദ്ദേഹം സൗത്ത് ഫ്ലോറിഡ ചർച്ച് സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൗണ്ടി ഹ്യൂമൻ സർവീസസിലെ സീനിയർ മാനേജറാണ് ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ് കൂടിയായ ജോർജി വർഗീസ്. ഭാര്യ ഡോ. ഷീല വർഗീസ്.
മലയാളത്തിലെ വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് നാപ്പാക്കിയ ഭാഷയ്ക്ക് ഒരു ഡോളർ ഇന്ന് മലയാള ഭാഷയുടെ ഒരു തിലകക്കുറിയായി മാറിയിരിക്കുന്നു എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു..
അവാർഡിന്റെ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ജോർജി വർഗീസിന് ട്രസ്റ്റീ ബോർഡിന്റെ എല്ലാ ആശംസകളും നേരുന്നതായി ചെയർ ജോജി വർഗീസ്, വൈസ് ചെയർ സതീശൻ നായർ, സെക്രട്ടറി ബിജു ജോൺ, മാമ്മൻ സി. ജേക്കബ്, ലീല മാരേട്ട്, തോമസ് തോമസ്, ജെയ്ബു മാത്യു, ടോണി കല്ലുവാങ്കൽ എന്നിവർ അറിയിച്ചു.