ഡാളസിൽ ജീവനക്കാരനെ തീകൊളുത്തി കൊന്നശേഷം സ്റ്റോർ കൊള്ളയടിച്ചു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Friday, May 23, 2025 3:49 AM IST
ഹണ്ട്സ്വില്ലെ, ടെക്സസ് : ഡാളസ് നഗരത്തിലെ കൺവീനിയൻസ് സ്റ്റോറിൽ വൃദ്ധയായ ക്ലർക്കിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാത്യു ലീ ജോൺസന്റെ (49) വധശിക്ഷ നടപ്പാക്കി.
സംഭവം നടന്ന് 13 വർഷം തികയുന്ന ചൊവ്വാഴ്ച വൈകുന്നേരം മാരകമായ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഹണ്ട്സ്വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വൈകുന്നേരം 6.53ന് മാത്യു മരിച്ചതായി അധികൃതർ അറിയിച്ചു.
2012 മേയ് 20ന് ഗാർലൻഡ് നഗരപ്രാന്തത്തിൽ വച്ച് 76 വയസുള്ള നാൻസി ഹാരിസ് എന്ന മുത്തശ്ശിയെ ആക്രമിച്ച കേസിലാണ് മാത്യു ലീ ജോൺസന്റെ ശിക്ഷ നടപ്പാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ നാൻസി ഹാരിസ് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.
വധശിക്ഷയ്ക്ക് തൊട്ടുമുന്പ് വാർഡൻ അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ മാത്യു, നാൻസിയുടെ ബന്ധുക്കളെ നോക്കി തനിക്ക് അവരെ വേദനിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ദയവായി ക്ഷമിക്കണമെന്നും പറഞ്ഞു.