ക്രെഡിറ്റ് റേറ്റിംഗിലെ ഉന്നത സ്ഥാനം യുഎസിന് നഷ്ടപ്പെട്ടു
ഏബ്രഹാം തോമസ്
Tuesday, May 20, 2025 4:28 PM IST
വാഷിംഗ്ടൺ: മൂഡിസും കൂടി യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് എഎ1 ആയി കുറച്ചതോടെ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന ഉന്നതമായ ക്രെഡിറ്റ് സ്ഥാനം തത്കാലത്തേക്കെങ്കിലും നഷ്ടമായി. ഇതിനു മുൻപ് ഉണ്ടായിരുന്നത് എഎ റേറ്റിംഗ് ആയിരുന്നു.
2011ൽ സേവിംഗ്സ് ആൻഡ് പുവർ (എസ് & പി ) ഗ്ലോബൽ യുഎസിനെ ക്രെഡിറ്റ് റേറ്റിംഗ് കുറവുള്ള രാഷ്ട്രങ്ങളിൽ ഒന്നായി മാറ്റിയിരുന്നു. പിന്നീട് 2023ൽ ഫിച്ചും യുഎസിന്റെ റേറ്റിംഗ് കുറച്ചിരുന്നു.
കുറഞ്ഞ പലിശ നിരക്കിൽ കടം വാങ്ങാനുള്ള സാധ്യത ഇതോടെ മങ്ങുകയാണ്. കാരണമായി മൂഡിസ് പറഞ്ഞത് കഴിഞ്ഞ പത്തു വർഷമായി ഗവൺമെന്റ് കടവും പലിശയും തമ്മിലുള്ള അനുപാതം മറ്റു സമാന രാജ്യങ്ങളെക്കാൾ ഉയർന്ന തോതിലായിരിക്കുന്നു എന്നാണ്.
യുഎസിന്റെ സമ്പദ് ഘടനയുടെ പോക്ക് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച നയങ്ങൾക്ക് ശേഷം ശരിയായി അല്ല എന്നും അഭിപ്രായപ്പെട്ടു. യുഎസിന്റെ സാമ്പത്തിക പ്രകടനം മോശമാകാനാണ് സാധ്യത എന്നും പറഞ്ഞു.
ഈ പ്രഖ്യാപനം വരുന്നതു ട്രംപ് വലിയ നികുതി ഇളവ് നൽകിയുള്ള ബജറ്റ് കോൺഗ്രസിനെ കൊണ്ട് പാസാക്കിക്കുവാൻ ശ്രമിക്കുന്ന വേളയിലാണ്. കോൺഗ്രസ് അംഗങ്ങൾ ഇനി എന്ത് സമീപനമാണ് സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണണം.
ഈ ഡൗൺഗ്രേഡ് അനുസരിച്ചു യുഎസിന്റെ കടങ്ങൾ വലിയ അപകട സാധ്യത ഉള്ളവയാണ്. ബോണ്ടുകളിൽ നിക്ഷേപിച്ചവർ ഉയർന്ന പലിശ ആവശ്യപ്പെട്ടു എന്ന് വരാം. ഇത് കടം വാങ്ങാനുള്ള ചെലവുകൾ കൂട്ടും.
ഒരു പ്രധാന ഹാവ്സ് കമ്മിറ്റി മീറ്റിംഗിൽ യാഥാസ്ഥിതികർ ട്രംപിന്റെ നികുതി ഇളവുകളും സ്പെൻഡിംഗ് കുറയ്ക്കാനും ഉള്ള നിർദേശങ്ങൾ നിരാകരിച്ചു. 2017ലെ ടാക്സ് കുറക്കലും ജോബ്സ് ആക്റ്റും അടുത്ത പത്തു വർഷത്തിനുള്ളിൽ ഫെഡറൽ കമ്മി4 ത്രില്ലിയൻ ഡോളറിനടുത്തെത്തിക്കും എന്ന് മൂഡിസ് പറഞ്ഞു.
വർധിച്ച പലിശ ചെലവുകളും കുറഞ്ഞ ടാക്സ് വരുമാനവും ചേർന്ന് 2035 ആകുമ്പോൾ ഒന്പത് ശതമാനത്തിലേക്ക് ഉയരും. ഇത് ഇപ്പോഴുള്ള ആറ് ശതമാനത്തിൽ നിന്ന് വളരെ കൂടുതലായിരിക്കും എന്നും മൂഡിസ് പറയുന്നു.
ഇപ്പോൾ ജിഡിപിയുടെ 98 ശതമാനമുള്ള ഗവൺമെന്റ് കടങ്ങൾ 2035 ആകുമ്പോൾ ജിഡിപിയുടെ 134 ശതമാനമായി ഉയരും. ട്രംപിന്റെ പദ്ധതികൾ ഇപ്പോഴേ കടം വാങ്ങാനുള്ള ചെലവുകളുടെ ഭീഷണി നേരിടുകയാണ്.
ട്രംപ് പ്രഖ്യാപിച്ച വളരെ വലിയ താരിഫുകൾ ആരംഭത്തിൽ തന്നെ മിക്കവാറും ഉപേക്ഷിക്കേണ്ടി വന്നു. കാരണം ഒരു ബോണ്ട് മാർക്കറ്റ് പ്രതിരോധം ആയിരുന്നു. ട്രംപിന്റെ "ലിബറേഷൻ ഡേ' താരിഫുകൾ ട്രഷറികളിൽ നിന്ന് പണം പിൻവലിക്കുവാൻ വലിയ തിരക്കിലേക്ക് മാറി.
കടത്തിന്റെ ചെലവുകൾ വളരെയധികം ഉയർന്നു. ഗവൺമെന്റ് വളരെ വലിയ കമ്മിയിലൂടെ മുന്നോട്ടു പോകുന്നതിനാൽ റവന്യൂ വരവുകളേക്കാൾ കൂടുതൽ ചെലവഴിക്കേണ്ടി വരുന്നു. ഇത് ഇപ്പോൾ 37 ത്രില്ലിയൺ ഡോളറിനടുത്തെത്തിയിരിക്കുന്നു.
ഇത് വർധിച്ചത് മഹാമാരി കാലത്താണ്. മഹാമാരിക്ക് ശേഷം ഉണ്ടായ കടങ്ങൾ നേടുന്നതിന് വേണ്ടി വന്ന ചെലവ് വർധിച്ചു. ഇതോടൊപ്പം ട്രംപിന്റെ ആദ്യ ഭരണ കാലത്തു പ്രഖ്യാപിച്ച നികുതി ഇളവുകളും മറ്റും റവന്യൂ കുറച്ചു.
മൂഡിസ് എടുത്തു പറയുന്നത് കഴിഞ്ഞ കുറെ മാസങ്ങളായി പ്രകടമായി ഉണ്ടായ നയ മാറ്റങ്ങളെ കുറിച്ചാണ്. ട്രംപിന്റെ താരിഫ് നയങ്ങൾ മാർക്കറ്റിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കി. പ്രസിഡന്റ് പ്രഖ്യാപിച്ച നികുതി ഇളവുകൾക്കു എങ്ങനെ പണം കണ്ടെത്തും എന്നത് ഒരു വലിയ ചോദ്യമായി രാജ്യത്തിന്റെ മുന്നിലുണ്ട് എന്നും മൂഡിസ് പറഞ്ഞു.