കുടിയേറ്റക്കാരെ നാടുകടത്തിയതിൽ ഡിഎച്ച്എസ് കോടതി ഉത്തരവ് ലംഘിച്ചതായി ജഡ്ജി
പി.പി. ചെറിയാൻ
Friday, May 23, 2025 7:41 AM IST
ബോസ്റ്റൺ: കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എട്ട് കുടിയേറ്റക്കാരെ നാടുകടത്തിയതിലൂടെ ട്രംപ് ഭരണകൂടം തന്റെ മുൻ ഉത്തരവ് ലംഘിച്ചുവെന്ന് ഫെഡറൽ ജഡ്ജി പറഞ്ഞു. നാടുകടത്തലിനെ എതിർക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫിയാണ് ട്രംപ് ഭരണകൂടത്തിന് എതിരെ നിലപാട് സ്വീകരിച്ചത്.
കുടിയേറ്റക്കാർക്ക് നാടുകടത്തുന്നതിന് ഒരു ദിവസത്തെ അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ഇമിഗ്രേഷൻ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ യുഎസ് ഉദ്യോഗസ്ഥർ ഉത്തരവുകൾ പൂർണമായി പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ജഡ്ജി വിലയിരുത്തിയത്.
അടിയന്തര സാഹചര്യത്തിൽ യുഎസ് സുപ്രീം കോടതിയിൽ എത്താൻ സാധ്യതയുള്ള പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളെക്കുറിച്ചുള്ള മറ്റൊരു നിയമപോരാട്ടത്തിനും മർഫിയുടെ തീരുമാനം വഴി തെളിയിച്ചു. കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യമോ അല്ലെങ്കിൽ ഒരു ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ട മറ്റ് രാജ്യമോ അല്ലാത്ത മറ്റൊരു രാജ്യത്തേക്ക് മുന്നറിയിപ്പ് ഇല്ലാതെ നാടുകടത്തുന്നത് വിലക്കുന്നതാണ്.
അതേസമയം, ഈ കേസ് കൊണ്ടുവന്ന അഭിഭാഷകർ ഈ ആഴ്ച ജഡ്ജിയെ സമീപിച്ച് ദക്ഷിണ സുഡാനിലേക്കുള്ള നാടുകടത്തൽ ഈ വിലക്കിനെ ലംഘിക്കുന്നു എന്ന് വാദിച്ചു. ജഡ്ജി ബ്രയാൻ മർഫി ഇത് അംഗീകരിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കണോ എന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും പറഞ്ഞു.