അനു സ്കറിയ ഫോമ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Thursday, May 22, 2025 4:41 PM IST
ഫിലാഡൽഫിയ: 2026 - 28 കാലത്തേക്ക് ഫോമ ട്രഷററായി യുവ നേതാവ് അനു സ്കറിയ മത്സരിക്കുന്നു. നേരത്തെ ജനറൽ സെക്രട്ടറിയായി മത്സരിക്കാനാണ് അനു തീരുമാനിച്ചിരുന്നത്.
എന്നാൽ ഫോമയുടെ മെട്രോ റീജിയൺ യോഗം ചേർന്ന് ജനറൽ സെക്രട്ടറിയായി നിലവിലെ ജോ. സെക്രട്ടറി പോൾ ജോസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അനു സ്കറിയ ട്രഷററായി മത്സരിക്കാൻ തീരുമാനിച്ചത്.
സംഘടനയിൽ പ്രവർത്തിക്കുകയും സമൂഹത്തിനു സേവനം അനുഷ്ഠിക്കുകയുമാണ് പ്രധാനം, തസ്തിക ഏതെന്നത് അത്ര പ്രധാനമല്ലെന്നും അനു സ്കറിയ പറയുന്നു.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പോൾ ജോസും സ്റ്റാൻലി കളത്തിലും തന്നെക്കാൾ വളരെ സീനിയറാണെന്നും അതിനാലാണ് പിന്മാറിയതെന്ന് അനു സ്കറിയ പറഞ്ഞു.
നേരത്തെ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ അനുവിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിജയിച്ചാൽ പണമിടപാടിൽ സുതാര്യതയും സത്യസന്ധതയും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്.
നിലവിൽ അനു സ്കറിയ ഫോമയുടെ സമ്മർ ടു കേരള പ്രോജക്ടിന്റെ കൺവീനറെന്ന നിലയിൽ തിരക്കിലാണ്. അടുത്ത മാസമാണ് ഒരു പറ്റം യുവാക്കളെ കേരളത്തിലേക്ക് അയയ്ക്കുന്നത്.
നമ്മുടെ സംസ്കാരവും കലയും പൈതൃകവുമെല്ലാം നേരിട്ടറിയാൻ അവസരമൊരുക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.