കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് സാന്ത്വനം കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രവാസികൾ പങ്കുചേർന്നു.
റമദാൻ മാസത്തോടനുബന്ധിച്ചു നടത്തിയ ക്യാമ്പ് സാന്ത്വനം കുവൈറ്റ് ഉപദേശക സമിതിയംഗം ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ ബിവിൻ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിഡികെ കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവലം അധ്യക്ഷത വഹിച്ചു.

സാന്ത്വനം കുവൈറ്റ് ജനറൽ സെക്രട്ടറി കെ.എസ്. അനിൽ കുമാർ, സാന്ത്വനം കുവൈറ്റ് വൈസ് പ്രസിഡന്റ് മാത്യൂസ് മാമൻ, ബ്ലഡ് ഡൊണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ പ്രതിനിധി രാജൻ തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ബിഡികെ പ്രതിനിധി നളിനാക്ഷൻ നന്ദി പ്രകാശിപ്പിച്ചു.
സാന്ത്വനം കുവൈറ്റ് ജോയിന്റ് സെക്രെട്ടറി അർഷാദ് ഷെരീഫ്, ഭാരവാഹികളായ ഷൈനി ഫ്രാങ്ക്, ജിജി രമേശ്, ടി.എസ്. ശശീന്ദ്രൻ, എബി ഫിലിപ്പോസ്, എസ്. സന്തോഷ് കുമാർ, കെ.ആർ. പ്രസാദ്, ടി.എസ്. സുമേഷ്, സലീം കൊമേരി എന്നിവരുടെ ഏകോപനത്തിൽ നിരവധി ദാതാക്കൾ രക്തം ദാനം ചെയ്തു.

വിദ്യാർഥികളുടെ പ്രതിനിധി അഞ്ജലീറ്റ രമേശിന്റെ നേതൃത്വത്തിൽ 15 ഓളം വിദ്യാർഥികൾ വോളണ്ടീയർമാരായി പ്രവർത്തിച്ചു. അവരുടെ സമർപ്പണത്തിന് സർട്ടിഫിറ്റുകൾ നൽകി ആദരിക്കുകയും ചെയ്തു.
അടിയന്തരമായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാവിയിലും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.
Tags : Santhwanam Kuwait Blood Donation Camp Gulf News