കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ വർധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകത മുൻനിർത്തി കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), കേരളൈറ്റ് മെഡിക്കൽ ഫോറം (കെഎംഎഫ്) എന്നിവ സംയുക്തമായി സംഘടിപ്പിച്ച എമർജൻസി രക്തദാന ക്യാമ്പ് വ്യാഴാഴ്ച രാത്രി അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്നു.
രാത്രി എട്ട് മുതൽ 11 വരെ നടന്ന ക്യാമ്പ് കെഎംഎഫ് കേന്ദ്ര കമ്മിറ്റി അംഗവും ഫർവാനിയ ഹോസ്പിറ്റൽ ചീഫ് ഫിസിയോതെറാപ്പി സ്പെഷ്യലിസ്റ്റുമായ അജയ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. നളിനാക്ഷൻ (ബിഡികെ) സ്വാഗതം ആശംസിച്ചു.

കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെഎംഎഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ, കെഎംഎഫ് അബ്ബാസിയ (എ) യൂണിറ്റ് പ്രസിഡന്റ് പ്രവീൺ കുമാർ, സാമൂഹ്യപ്രവർത്തകരായ മുബാറക് കമ്പ്രത്ത്, മനോജ് മാവേലിക്കര, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ബിഡികെ കോഡിനേറ്റർ രാജൻ തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി. ക്യാമ്പിനൊപ്പം സഹകരിച്ച മലബാർ ഗോൾഡിനും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനും കാലിക്കറ്റ് ഷെഫ് റസ്റ്റോറന്റിനും പ്രത്യേക നന്ദി അറിയിച്ചു. രക്ത ദാതാക്കളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്ത എല്ലാ സന്നദ്ധ രക്തദാതാക്കൾക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ബിഡികെയുടെയും കെഎംഎഫിന്റെയും സന്നദ്ധ പ്രവർത്തകർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Tags : Blood Donation Camp BDK KMF