ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ ചെന്നൈ എഫ്സി മത്സരത്തിൽ നിന്ന്.
ചെന്നൈ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈ എഫ്സിക്ക് തകർപ്പൻ ജയം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 5-3 നാണ് ചെന്നൈ തകർത്തത്. ബ്രൈസൺ ഫെർണാണ്ടസും ഇർഫാൻ യദ്വാദും ഇരട്ടഗോളുകളുമായി ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോളുമായി കളംനിറഞ്ഞ ചെന്നൈ നാലാം മിനിറ്റിൽ തന്നെ ബ്രൈസൺ ഫെർണാണ്ടസിലൂടെ ലീഡ് നേടി. 18-ാം മിനിറ്റിൽ വീണ്ടും വലകുലുക്കിയതോടെ ലീഡ് രണ്ടായി ഉയർന്നു. 29-ാം മിനിറ്റിൽ അകെ ലോബയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റമോൺ ചെന്നൈയ്ക്കായി മൂന്നാം ഗോൾ നേടി. ഇതോടെ ആദ്യപകുതിയിൽ ചെന്നൈയിൻ 3-1ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള ശ്രമവുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാൾ 47-ാം മിനിറ്റിൽ ഡാനി റാമിറസിന്റെ പെനാൽറ്റിയിലൂടെ സ്കോർ 3-2 ആക്കി.
എന്നാൽ ചെന്നൈയിൻ വിട്ടുകൊടുത്തില്ല. 59, 67 മിനിറ്റുകളിൽ ഇർഫാൻ യദ്വാദ് തുടർച്ചയായി ഗോളുകൾ നേടിയതോടെ ലീഡ് 5-2 ആയി. 91-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ കൂടി നേടിയെങ്കിലും തിരിച്ചുവരവിന് അതു മതിയായില്ല.
Tags : Chennaiyin FC ISL East Bengal Indian Super League Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash