നാദയോഗം
കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
Saturday, October 4, 2025 9:07 PM IST
കർണാടകസംഗീതലോകത്തിന് യേശുദാസ് ആരാണ്? തലമുറകൾ അദ്ദേഹത്തിന്റെ കച്ചേരികൾ കേട്ടത് ഏതുവിധമാണ്?.. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം യേശുദാസിലേക്ക് എത്തുന്ന വേളയിൽ വേറിട്ടൊരു കേൾവി...
ഏതൊരു കലയുടെയും വളർച്ചയും തുടർച്ചയും സംഭവിക്കുന്നത് കാലാകാലങ്ങളിൽ പുതിയ ആസ്വാദകർ സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്. ഓരോ കലാകാരനും (കലാകാരിയും) താൻ കയ്യാളുന്ന കലയുടെ വക്താവായി മാറുന്പോൾ ഒരു ആസ്വാദക സമൂഹം രൂപപ്പെടുന്നു.
വശ്യമായ ശബ്ദഗുണംകൊണ്ട് അനേകായിരങ്ങളെ ആരാധകരാക്കിമാറ്റി എന്നതുമാത്രമല്ല എം.എസ്. സുബ്ബലക്ഷ്മിയെയും യേശുദാസിനെയും വേറിട്ടുനിർത്തുന്നത്. ഈ ആരാധകരിലെ വലിയൊരു വിഭാഗത്തെയും സ്വക്ഷേത്രമായ കർണാടക സംഗീതത്തിലേക്ക് അടുപ്പിച്ചുനിർത്താൻ ഇവരോളം സാധിച്ച മറ്റ് എത്രപേരുണ്ട്?
മുത്തുസ്വാമി ദീക്ഷിതരെക്കുറിച്ച് ഒരു സാധാരണക്കാരൻ അറിയുന്നത് എം.എസ്. പാടുന്ന രംഗപുരവിഹാര കേട്ടിട്ടായിരിക്കും. അതുപോലെ യേശുദാസ് പാടിയ പാട്ടുകൾ ഏറ്റുപാടുന്നത് കേട്ടതുകൊണ്ടായിരിക്കും കേരളത്തിലെ മാതാപിതാക്കൾ മക്കളുടെ സംഗീതവാസന തിരിച്ചറിഞ്ഞതും പാട്ടു പഠിപ്പിച്ചതും.
ഇത്തരത്തിലുള്ള വ്യക്തിപ്രഭാവങ്ങളുടെ അസാന്നിധ്യത്തിൽ (കഴിഞ്ഞ ഒരഞ്ചുവർഷത്തിൽ) കർണാടക സംഗീതത്തിന് എത്ര പുതിയ ആസ്വാദകർ, അല്ലെങ്കിൽ വിദ്യാർഥികൾ ഉണ്ടായിട്ടുണ്ട് എന്ന കണക്കെടുത്താൽ സന്തോഷിക്കാൻ അധികമുണ്ടാവില്ല.
കച്ചേരികളിലെ യേശുദാസ്
സിനിമാഗാനരംഗത്തിന് ദാസേട്ടൻ ആരാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കർണാടകസംഗീതലോകത്തിന് കെ.ജെ. യേശുദാസ് ആരാണ്? വലിയൊരു വിഭാഗത്തിന് യേശുദാസെന്നാൽ ചെന്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിപ്പിക്കുന്ന, വാതാപിയും തായേ യശോദയും പാവനഗുരുവും പാടുന്ന വത്സല ശിഷ്യനാണ്.
വേറേ ചിലർക്ക് ഗോപാലക പാഹിമാം, ക്ഷീരസാഗര ശയന, കൃപയാ പാലയ എന്നീ കൃതികൾ കടുകിട മാറ്റമില്ലാതെ കേൾക്കാനാണിഷ്ടം. യേശുദാസിന്റെ ഒട്ടുമിക്ക കച്ചേരികളുടെയും ഉത്തരാർധം നിശ്ചയിച്ചിരുന്നത് സിനിമാഗാന, ലളിതഗാന പ്രേമികളുടെ ഇംഗിതങ്ങൾക്കനുസരിച്ചാണ്.
കുറച്ചുകൂടി ഗൗരവമായി കച്ചേരികേൾക്കുന്നവർക്ക് അദ്ദേഹം കല്യാണി, ഖരഹരപ്രിയ, ശങ്കരാഭരണം, ചാരുകേശി, മോഹനം, മധ്യമാവതി തുടങ്ങിയ രാഗങ്ങൾ വിസ്തരിച്ചുപാടുന്നത് എത്രകേട്ടാലും മതിവരില്ല. അത്രത്തോളംതന്നെ വിമർശകരുമുണ്ട് ഇക്കാര്യത്തിൽ. ക്രമസന്പൂർണങ്ങളായ രാഗങ്ങളും ഒൗഡവ, ഷാഡവ രാഗങ്ങളും വിസ്തരിക്കുന്നതിലല്ല മഹത്വം എന്നാണ് ഇവരുടെ വാദം.
എന്നാൽ യേശുദാസ് പാടുന്ന തികവോടുകൂടി മൂന്നു സ്ഥായികളിലും അന്യസ്വരങ്ങൾ കടന്നുകൂടാതെ അതിവിളംബവും അതിദ്രുതവും സ്വായത്തമാക്കാൻ മേളകർത്താരാഗങ്ങൾ എത്ര നിഷ്ഠയോടെ സാധകം ചെയ്തുകൊണ്ടിരിക്കണം എന്നത് കേൾവിക്കാരന് അറിയേണ്ടല്ലോ!
ശേഷിക്കുന്ന ഒരു വിഭാഗം കേൾവിക്കാരുടെ കാര്യം എടുത്തുപറയണം. സാന്പ്രദായികമായ സംഗീതം മാത്രം അംഗീകരിക്കുന്ന ഇവർക്ക് അദ്ദേഹം പാടുന്ന നാരായണഗൗളയോ നാസികാഭൂഷണിയോ വിവർധിനിയോ വാഗധീശ്വരിയോ കോമളാംഗിയോ രാമപ്രിയയോ ഒന്നും കേൾക്കാതിരിക്കാനാവില്ല. അത് പറഞ്ഞുനടക്കാറില്ലെന്നു മാത്രം.
സിനിമാപ്പാട്ടുകാരന് കർണാടകസംഗീതത്തിന്റെ രക്തി വഴങ്ങുമോ എന്ന് സംശയമുള്ളവർക്ക് അദ്ദേഹം പണ്ടു പാടിവച്ചിട്ടുള്ള ഭൈരവി രാഗത്തിന്റെ ആലാപനം ഒന്നു കേട്ടുനോക്കാവുന്നതാണ്. ഗമകങ്ങളും അചലസ്വരങ്ങളും വേർതിരിച്ചു പ്രയോഗിക്കുന്നതിലുള്ള പ്രാഗത്ഭ്യം കേട്ടുമനസിലാക്കേണ്ടതാണ്.
അതെവിടെയെല്ലാം പ്രയോഗിക്കുന്നു എന്ന കാര്യത്തിൽ അഭിപ്രായങ്ങൾ പലതുണ്ടാകാം. എന്നാൽ ഇന്നത്തെ സംഗീതസദിരുകളിൽ വന്നുകൂടിയിട്ടുള്ള ഗമകങ്ങളുടെ ദുർവിനിയോഗം കേൾക്കുന്പോൾ, ഒരുകാലത്ത് സിനിമാപ്പാട്ടുകാരൻ എന്നുപറഞ്ഞ് മാറ്റിനിർത്തിയ ആ ഗായകൻ കാണിച്ചതിന്റെ പകുതി ശ്രദ്ധപോലും ഇവർക്കൊന്നും ഇല്ലാതെപോയല്ലോ എന്ന് അദ്ഭുതപ്പെടും.
കച്ചേരിയിൽ കെ.ജെ. യേശുദാസിന് നേരിടേണ്ടിവന്നിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രതിച്ഛായയോടു മാത്രമാണ്. തെളിഞ്ഞ ശബ്ദത്തിൽ, സ്ഫുടമായി തിരുത്തലുകൾക്കിടയില്ലാത്തവണ്ണം അവതരിപ്പിക്കപ്പെടുന്ന കച്ചേരികൾക്ക് "അഴ്ത്ത'മില്ല എന്ന് പാരന്പര്യവാദികൾ വിശ്വസിച്ചു.
പരിമിതികളില്ലാത്ത ശാരീരം അവരെ ഒരു പരിധിക്കപ്പുറം വിസ്മയപ്പെടുത്തിയില്ല. എന്നാൽ ന്യൂനതകളുള്ള ശബ്ദത്തിന് പലപ്പോഴും കർണാടക സംഗീതാസ്വാദകർ നൽകിവന്നിട്ടുള്ള പരിഗണന പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.
വരാനിരിക്കുന്ന തലമുറയെങ്കിലും മുൻവിധികളില്ലാതെ യേശുദാസിന്റെ കച്ചേരികളുടെ ഓഡിയോ കേൾക്കുമെന്നു കരുതാം. ചെന്പൈ ഭാഗവതരിൽനിന്നു പഠിച്ചതും, സംഗീതകോളജിൽനിന്ന് പഠിപ്പിച്ചതുമല്ലാതെ അനവധി അപൂർവ കീർത്തനങ്ങളും യേശുദാസ് കേട്ടുപഠിച്ചു.
ഭാവനകളത്രയും പ്രകടമാക്കാൻപോന്ന കണ്ഠം കൈമുതലാക്കി അപൂർവരാഗങ്ങളിൽപ്പോലും അദ്ദേഹം തന്റെ മനോധർമങ്ങൾ ലോഭമില്ലാതെ പ്രയോഗിച്ചു. എന്നാൽ സംഗീതസംവിധായകർ നിശ്ചയിക്കുന്ന സിനിമാസംഗീതപാഠങ്ങളിൽ ഒന്നുപോലും തന്റെ മനോധർമങ്ങൾ പ്രകടമാക്കാനുള്ള ആയുധങ്ങളായി മനപ്പൂർവം അദ്ദേഹം മാറ്റിയിട്ടില്ല.
ശതാഭിഷേകം കഴിഞ്ഞുനിൽക്കുന്പോഴും യേശുദാസ് ശ്രുതിചേർത്തുപാടാതെ പോകുന്ന ദിവസങ്ങൾ കുറവായിരിക്കും. അതു കേൾക്കാനും പ്രചോദിതരാകാനും കഴിയുന്നില്ലെങ്കിൽ നഷ്ടം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകൾക്കുമാണ്.
സംഗീതസത്യം, ആചന്ദ്രതാരം
എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം യേശുദാസിനു ലഭിക്കുന്പോൾ ആധുനികസമൂഹം ചർച്ചചെയ്യേണ്ടത് അവർ ഇരുവരും എങ്ങനെ ഒരു കാലത്തിന്റെ പാട്ടുകാരായി എന്നാണ്. അവരുടെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നല്ല, ചരിത്രം അവർക്കു മുന്പും ശേഷവുമെന്ന് എങ്ങനെ കുറിക്കപ്പെട്ടു എന്നാണ്..
രണ്ടുപേരും ഗുരുസ്ഥാനത്തു കണ്ടിരുന്ന ശെമ്മാങ്കുടി ശ്രീനിവാസയ്യർ എന്ന മഹാഗുരുവിനെയും അദ്ദേഹത്തിന്റെ സംഗീതപരന്പരയെയും അനുസ്മരിക്കേണ്ടതുണ്ട്. സിനിമാ സംഗീതശാഖയ്ക്ക് ഇനി വരാനിരിക്കുന്ന കാലം ഏറ്റവുമാവശ്യം സാങ്കേതികവിദ്യതന്നെയായിരിക്കും, ശാസ്ത്രീയമായ സംഗീതാഭ്യസനമായിരിക്കില്ല.
കൃത്രിമബുദ്ധിക്ക് മനുഷ്യമനസിൽ ഉണ്ടാക്കാവുന്ന ചലനങ്ങൾക്ക് അധികം ആയുസില്ലെന്ന് പാട്ടിന്റെ ഉടയോന്മാർ തിരിച്ചറിയുന്ന കാലം വരാതിരിക്കില്ല. അന്ന് നാദം എന്ന വാക്കിന്റെ അർഥമന്വേഷിച്ച് അവർ യാത്ര പുറപ്പെടും. അതിൽ ചിലർ സമുദ്രനിരപ്പിൽനിന്ന് നാലായിരം അടി മുകളിലുള്ള കാനനക്ഷേത്രത്തിൽ എത്തിയേക്കാം.
അവിടെ മകരമാസരാത്രിയിലെ മരംകോച്ചുന്ന തണുപ്പിലും ആയിരക്കണക്കിന് മനുഷ്യർ ഒരു ശബ്ദത്തിനായി ചെവിയോർക്കുന്നതു കാണാം. മധ്യമാവതി രാഗത്തിലുള്ള ആ സംഗീതം പ്രകൃതിയുമായി ലയിച്ചുചേരുന്പോൾ മനുഷ്യൻ തിരിച്ചറിയും, സംഗീതത്തിന് സത്യമുണ്ടെങ്കിൽ അത് ആചന്ദ്രതാരം നിലകൊള്ളുമെന്ന്.
(പ്രശസ്ത കർണാടക സംഗീതജ്ഞനാണ് ലേഖകൻ)