ശനി ശിംഗനാപുര്‍: പൂട്ടുകളില്ലാത്ത അദ്ഭുത ഗ്രാമം
അജിത് ജി. നായർ
Sunday, October 5, 2025 12:15 AM IST
വാതിലുകളും പൂട്ടുകളുമില്ലാത്ത ഒരു വീട്ടില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? ഇന്ത്യയില്‍ അങ്ങനെയൊരു ഗ്രാമംതന്നെയുണ്ടെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. എന്നാല്‍ അതു യാഥാര്‍ഥ്യമാണ്. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ആണ് ആ അദ്ഭുത ഗ്രാമം. വീടുകൾക്കു വാതിലുകളും കടകള്‍ക്ക് പൂട്ടുകളുമില്ലെങ്കിലും ഗ്രാമവാസികള്‍ക്ക് യാതൊരു അരക്ഷിതത്വവും ഇവിടെ അനുഭവപ്പെടാറില്ല.
ശനി ഭഗവാനിലുള്ള വിശ്വാസമാണ് ഈ നാട്ടുകാരുടെ ധൈര്യത്തിനു കാരണമത്രേ. തങ്ങളുടെ ഗ്രാമത്തെ ശനി ദേവന് ആപത്തുകളില്‍നിന്നു സംരക്ഷിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. ദിവസേന നിരവധി തീര്‍ത്ഥാടകരാണ് ഇവിടെയുള്ള ശനിദേവ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.
ശനിദേവ ക്ഷേത്രത്തെയും ഈ ഗ്രാമത്തെയും പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. അതില്‍ പ്രധാനമായത് ഇങ്ങനെ: ഏതാണ്ട് 300 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് വലിയൊരു വെള്ളപ്പൊക്കമുണ്ടായി. വെള്ളം താഴ്ന്നപ്പോള്‍ പനസ്നാലാ നദിയുടെ തീരത്ത് ഒരു വലിയ കറുത്ത കല്ല് നാട്ടുകാര്‍ കണ്ടെത്തി. ഗ്രാമവാസികളിലൊരാള്‍ ഒരു വടികൊണ്ട് കല്ലില്‍ സ്പര്ശിച്ചമാത്രയില് അതില്‍നിന്ന് അദ്ഭുതാവഹമായി രക്തം ചീറ്റുകയായിരുന്നു.
അന്ന് രാത്രിയില്‍ ശനിദേവന് ഗ്രാമവാസികളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ കല്ല് തന്റെ ബിംബം ആണെന്നും അതിനെ മതില്ക്കെട്ടുകളൊന്നുമില്ലാതെ തുറസായ സ്ഥലത്തുവച്ച് ആരാധിക്കണമെന്നും ഗ്രാമവാസികളോടു നിര്‍ദ്ദേശിച്ചു.
അതോടൊപ്പം ഗ്രാമത്തെ മേലില്‍ സംരക്ഷിച്ചു കൊള്ളാമെന്നു വാക്കുനല്‍കിയ ദേവന് വാതിലുകളും പൂട്ടുകളുമില്ലാതെ ഭവനങ്ങള്‍ പണിയാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് ഐതിഹ്യം. അഞ്ചരയടി നീളമുള്ള കറുത്ത ആ കല്ലാണ് ശനിക്ഷേത്രത്തിലെ ബിംബം. ഇത് ശനിദേവന്റെ ആജ്ഞാനുസൃതമായി തുറസായ സ്ഥലത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
കള്ളന്മാര്ക്കും അസന്മാര്‍ഗികള്‍ക്കും ശനിദേവന് ഉടനടി ശിക്ഷ നല്‍കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതിനാല്‍തന്നെ നൂറ്റാണ്ടുകളായി അവര്‍ വാതിലുകളും പൂട്ടുകളും ഇല്ലാത്ത വീടുകള്‍ പണിതു വസിച്ചു പോന്നു. കുറച്ചു കാലം മുമ്പുവരെ കടകളും ബാങ്കുകളും പോലും ഈ പാരമ്പര്യം തുടര്‍ന്നിരുന്നു.
2011ല്‍ യൂക്കോ ബാങ്ക് പൂട്ടുകളില്ലാത്ത ഒരു ശാഖ ഇവിടെ തുറന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ചില ആളുകള്‍ വാതിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പൂട്ടുകള്‍ മിക്കയിടത്തും ഇല്ല. സമീപ ദശാബ്ദങ്ങളില്‍ അല്ലറ ചില്ലറ മോഷണങ്ങള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ശനിദേവനിലുള്ള ആളുകളുടെ വിശ്വാസത്തിന് ഇളക്കംതട്ടിയിട്ടില്ല.
ശനിയാഴ്ച ദിവസങ്ങളിലും ശനി അമാവാസി നാളുകളിലും ആയിരങ്ങളാണ് ശനിക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. ആഴത്തിലുള്ള വിശ്വാസം ഒരു ജനതയുടെ സംസ്കാരത്തിലും ജീവിതത്തിലും എത്രമാത്രം പരിവര്‍ത്തനമുണ്ടാക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായാണ് ശനി ശിംഗനാപുര്‍ ഇന്നും നിലകൊള്ളുന്നത്.