ശബരിമലയില്‍ ബാലവേലയ്ക്കായി നൂറിലധികം കുട്ടികളെ റിക്രൂട്ട്ചെയ്തതായി വിവരം
Saturday, November 17, 2012 6:40 PM IST
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലും വാണിജ്യകേന്ദ്രങ്ങളിലും ജോലി ചെയ്യുന്നതിനായി 120 കുട്ടികളെ തമിഴ്നാട്ടിലെ കമ്പം, തേനി എന്നീ സ്ഥലങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തതായി സന്നിധാനം പോലീസിനു വിവരം ലഭിച്ചു.

കുട്ടികളെ ബാലവേലയ്ക്കായി ഹോട്ടലുകള്‍ക്കു നല്കുന്ന ഏജന്റുമാരായ തമിഴ്നാട് സ്വദേശികളായ മായകൃഷ്ണന്‍, ഭാഗ്യരാജ് എന്നിവരെ സന്നിധാനം പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളെ റിക്രൂട്ട് ചെയ്തകാര്യം പുറത്തായത്. ഒരുദിവസത്തേക്ക് 300 രൂപയാണ് പ്രതിഫലമായി ഇവര്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങുന്നത്. 200 രൂപ ഏജന്റുമാര്‍ക്കും നൂറുരൂപ കുട്ടികള്‍ക്കുമാണ്. തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നാണ് ഇതിനുവേണ്ടി കുട്ടികളെ സംഘടിപ്പിക്കുന്നതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

സന്നിധാനത്തെ ഹോട്ടലില്‍ ബാലവേല ചെയ്തിരുന്ന രണ്ടു കുട്ടികളെ പോലീസ് മോചിപ്പിച്ച് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയിരുന്നു. സന്നിധാനം, പമ്പ, ഇടത്താവളങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബാലവേല ഉണ്േടായെന്നു പരിശോധിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്െടന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.