തീവ്രവാദികളെ വച്ചുപൊറുപ്പിക്കരുതെന്നു പാക്കിസ്‌ഥാനോട് അമേരിക്ക
Thursday, August 25, 2016 9:14 PM IST
വാഷിംഗ്ടൺ: തീവ്രവാദികളെ അവരുടെ അജൻഡയുടെയും അംഗത്വത്തിന്റെയും പേരിൽ വേർതിരിച്ചു കാണരുതെന്നും ഭീകരർക്ക് സ്വർഗീയ സുരക്ഷ ഒരുക്കരുതെന്നും പാക്കിസ്‌ഥാനോട് ശക്‌തമായ ഭാഷയിൽ അമേരിക്കയുടെ മുന്നറിയിപ്പ്. തീവ്രവാദികൾക്ക് സുരക്ഷ നല്കരുതെന്ന് പാക് സർക്കാരിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നതാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ് എലിസബത്ത് ട്രുദിയു പറഞ്ഞു.

തീവ്രവാദികളിൽ നല്ലതും ചീത്തയും എന്നൊന്നില്ലെന്നും അവരെ വേർതിരിച്ചു കാണേണ്ട സാഹചര്യമില്ലെന്നും ട്രുദിയു വ്യക്‌തമാക്കി. ഇതുവരെ ചെയ്തിരുന്നതൊന്നും പോരെന്നും ഇനിയും വളരയേറെ ചെയ്യാനുണ്ടെന്നും കാബൂളിലെ അമേരിക്കൻ സർവകലാശാലയിൽ നടന്ന ഭീകരാക്രമണം തെളിയിക്കുന്നു. പാക്, അഫ്ഗാൻ സർക്കാരുകൾ ഒന്നിച്ചുചേർത്ത് ഭീകരതയ്ക്കെതിരേ മുമ്പ് പോരാടിയിട്ടുണ്ട്. ഇനിയും അതു തുടരേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ അമേരിക്കൻ സർവകലാശാലയിൽ നടന്നതിനു സമാനമായ ആക്രമണങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കൂ എന്നും ട്രുദിയു പറഞ്ഞു.

കാബൂളിലെ അമേരിക്കൻ സർവകലാശാലയിൽ ബുധനാഴ്ച വൈകുന്നേരം നടന്ന ഭീകരാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.