ലാവലിനിൽ പിണറായിക്ക് ആശ്വാസം
Wednesday, August 23, 2017 12:19 PM IST
കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. പിണറായിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി വിജയനടക്കം മൂന്നു പ്രതികൾ വിചാരണ നേരിടേണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്നത്തെ കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും മാത്രമാണ് കേസിൽ കുറ്റക്കാരെന്നും കോടതി കണ്ടെത്തി.

പിണറായിക്ക് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും കാന്‍സര്‍ സെന്‍ററിന് സഹായം ലഭിക്കാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട് അപ്പോള്‍ പിണറായിയെ മാത്രം പ്രതിയായി കാണാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേസിൽ സിബിഐ പിണറായിയെ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

102 പേജുള്ള വിധി പ്രസ്താവമാണ് വായിച്ചത്. വിധി പറയാൻ മാറ്റിയശേഷം തനിക്ക് ഉൗമക്കത്തുകൾ കിട്ടിയിരുന്നുവെന്ന് ചീഫ് ജസ്റ്റീസ് ഉബൈദ് പറഞ്ഞു. കേസിൽ പലർക്കും രാഷ്ട്രീയ ലക്ഷ്യമെന്നും അത് ശരിയല്ലെന്നും കോടതി പറഞ്ഞു. ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.

പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഉണ്ടാക്കിയ കരാർ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സിബിഐ കേസ്. 2013 നവംബറിലാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി കീഴ്കോടതി ഉത്തരവിട്ടത്.
RELATED NEWS