സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിന് പോലീസിന്‍റെ നോട്ടീസ്
Saturday, October 21, 2017 9:21 PM IST
കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം തേടിയ നടൻ ദിലീപിന് പോലീസ് നോട്ടീസ് നൽകി. സായുധസംഘത്തിന്‍റെ സംരക്ഷണം എന്തിനെന്ന് ദിലീപ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നൽകിയത്. സുരക്ഷാ ഏജൻസിയോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജൻസിക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു പോലീസ് അന്വേഷിക്കുക.

ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയുടെ സഹായമാണു ദിലീപ് തേടിയതെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നത്. സുരക്ഷാ ഏജൻസിയിലെ മൂന്നു പേരെ ഇതിനകംതന്നെ ദിലീപിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചതായാണു ലഭ്യമാകുന്ന വിവരം. തണ്ടർ ഫോഴ്സിന്‍റെ പ്രതിനിധികൾ ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിൻറെ വീട്ടിൽ എത്തിയതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തായത്.

സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. ശനിയാഴ്ച അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ വച്ചു പോലീസ് തണ്ടർഫോഴ്സിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു പരിശോധിച്ചിരുന്നു. പോലീസ് വാഹനം പിടിച്ചപ്പോൾ സംഘത്തിന്‍റെ കൈവശം കൈത്തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.