റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അപ്പുണ്ണി അറസ്റ്റിൽ
Tuesday, April 17, 2018 11:51 AM IST
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കേസിലെ പ്രധാന പ്രതിയായ അപ്പുണ്ണി കൊലപാതകത്തിന്‍റെ പ്രധാന ഗൂഢാലോചനക്കാരനാണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. ഖത്തറിൽ നിന്നും നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതും രാജേഷിന്‍റെ വിവരങ്ങൾ നൽകിയതും അപ്പുണ്ണിയാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പെടുത്തി വാട്സ്് ആപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കൊലയാളികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ചതും സംഘത്തിനു താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

മുൻപ് നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണി രാജേഷിന്‍റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയെല്ലാം പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവിൽ തുടരുകയായിരുന്നു.

രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സത്താർ എന്നയാളെയാണ് ഇനി കേസിൽ പിടികൂടാനുള്ളത്. ഖത്തറിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടരുകയാണ്. സത്താറിന്‍റെ മുൻ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.