കരുണാനിധിയുടെ നില അതീവ ഗുരുതരം; സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു
Tuesday, August 7, 2018 3:34 PM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറായി സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

അതിനിടെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും അഴഗിരിയും കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കരുണാനിധിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിക്കാനാണ് സ്റ്റാലിൻ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഡിഎംകെയുടെ ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും ഉൾപ്പടെ പാർട്ടി പ്രവർത്തകരുടെ വൻ സംഘം കാവേരി ആശുപത്രിക്ക് മുന്നിലുണ്ട്. പാർട്ടിയിലെ ഉന്നത നേതാക്കളോട് ചെന്നൈയിൽ എത്താൻ സ്റ്റാലിൻ തിങ്കളാഴ്ച വൈകിട്ട് തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് സൂചന. കലൈഞ്ജറുടെ മടങ്ങിവരവും കാത്ത് നൂറുകണക്കിന് സാധാരണ പ്രവർത്തകരും കാവേരി ആശുപത്രിക്ക് മുന്നിൽ കാത്തിരിപ്പ് തുടരുകയാണ്.

അതേസമയം കാവേരി ആശുപത്രിക്ക് മുന്നിൽ മാത്രമായിരുന്ന സുരക്ഷ ചെന്നൈ നഗരത്തിലേക്ക് പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്നൈയുടെ വിവിധ മേഖലകൾ പോലീസ് കാവലിലാണ്. സുരക്ഷ കർശനമാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയെന്നാണ് സൂചന. ഇന്ന് വൈകിട്ട് പുറത്തുവരുന്ന മെഡിക്കൽ ബുള്ളറ്റിനിൽ കരുണാനിധിയുടെ ആരോഗ്യവിവരം സംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് തമിഴകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.