ഒരു വര്‍ഷത്തിനിടെ കോഴിക്കോട് നഗരത്തില്‍ 34 മാനഭംഗ കേസുകള്‍
Saturday, December 29, 2012 6:20 PM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഒരു വര്‍ഷത്തിനിടെ ബലാത്സംഗ കേസുകള്‍ വര്‍ധിച്ചു. ഈ വര്‍ഷം നവംബര്‍ മാസംവരെയുളള കണക്ക് പ്രകാരം 34 ബലാത്സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 29 കേസുകളിലും പോലീസ് പ്രതികളെ കണ്െടത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നഗരത്തില്‍ കൂട്ടബലാത്സംഗ കേസുകള്‍ ഒന്നുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനു 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അപ്പാര്‍ട്ട്മെന്റ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു പ്രായപൂര്‍ത്തിയാകാത്ത രണ്ടും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണു ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ടു 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 48 കേസുകളില്‍ മാത്രമാണു പ്രതികളെ കണ്െടത്താന്‍ കഴിഞ്ഞത്.

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടു നഗരത്തില്‍ 491 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 125 കേസുകളില്‍ പ്രതികളെ ഇതുവരെ കണ്െടത്താന്‍ കഴിഞ്ഞിട്ടില്ല. രജിസ്റ്റര്‍ ചെയ്തതില്‍ 366 കേസുകളില്‍ പ്രതികളെ പിടികൂടിയിരുന്നു.നഗരത്തില്‍ മൂന്നു സ്ത്രീകളാണു വിവിധ സ്റ്റേഷന്‍ പരിധികളിലായി കൊലചെയ്യപ്പെട്ടത്. ഇതില്‍ ഒരു കേസില്‍ മാത്രം പ്രതിയാരെന്നു കണ്െടത്താന്‍ പോലീസിനായിട്ടില്ല.

ബസുകളിലും മറ്റു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് മാനഹാനി വരുത്തിയതുമായി ബന്ധപ്പെട്ടു 90 കേസുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം 124 കേസുകളായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്.

സ്ത്രീകളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടു മൂന്നു കേസുകളായിരുന്നു നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ മൂന്നു കേസിലും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഭര്‍തൃപീഡനത്തെ തുടര്‍ന്നു 135 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 96 കേസുകളില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം 171 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ത്രീകളെ ആത്മഹത്യചെയ്യാന്‍ പ്രേരണനല്‍കിയ കുറ്റത്തിനു മൂന്നു കേസുകളാണുള്ളത്.