സൂററ്റില്‍ ഐഒസി ടെര്‍മിനലിലെ ഇന്ധന ടാങ്കില്‍ വന്‍തീപിടുത്തം
Saturday, January 5, 2013 6:40 AM IST
സൂററ്റ്: സൂററ്റിലെ ഹാസിറ തുറമുഖത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധന ടാങ്കില്‍ വന്‍തീപിടുത്തം. പെട്രോള്‍ ശേഖരിക്കാനുള്ള അഞ്ച് ടാങ്കുകളും ഡീസല്‍ ശേഖരിക്കാനുള്ള നാല് ടാങ്കുകളുമാണ് ഇവിടെയുള്ളത്. ഇതില്‍ ഒരു ടാങ്കിലാണ് ഉച്ചയോടെ തീ കണ്ടത്. പെട്ടന്നു തന്നെ മറ്റ് ടാങ്കുകളിലേക്കും തീ പടരുകയായിരുന്നു.

സൂററ്റില്‍ നിന്നും സമീപനഗരങ്ങളില്‍ നിന്നും അഗ്നിശമന സേനായൂണിറ്റുകളെത്തി തീയണയ്ക്കാന്‍ പരിശ്രമിക്കുകയാണ്. പ്ളാന്റിലെ ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചിട്ടുണ്ട്. സൂററ്റില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഹാസിറ തുറമുഖം. തീ പൂര്‍ണമായി അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കിലോമീറ്ററുകള്‍ക്കപ്പുറം പോലും തീ നാളങ്ങള്‍ കാണാമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.