പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 50 വിദേശതാരങ്ങള്‍
Thursday, January 31, 2013 3:59 PM IST
കറാച്ചി: പ്രഥമ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 20ട്വന്റി ടൂര്‍ണമെന്റില്‍ കളിക്കാന്‍ 50 വിദേശതാരങ്ങള്‍ കരാറിലേര്‍പ്പട്ടതായി പിഎസ്എല്‍ മാനേജിംഗ് ഡയറക്ടര്‍ സര്‍വാര്‍ സല്‍മാന്‍ ഭട്ട് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ കരാറില്‍ ഏര്‍പ്പെടുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങള്‍ വിദേശതാരങ്ങളെ മത്സരങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കൊണ്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റു ബോര്‍ഡുകളുമായി ബന്ധപ്പെട്ടു വരികയാണ്. ഐസിസിയുടെ അനുമതിക്കായുള്ള ശ്രമങ്ങളും നടന്നു വരുന്നതായും സല്‍മാന്‍ ഭട്ട് വ്യക്തമാക്കി.

അതേസമയം പാക്കിസ്ഥാനിലെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഓസ്ട്രേലിയ, ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങള്‍ക്ക് പിസിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കി. ഇതുകൂടാതെ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്സ്, ഇംഗ്ളീഷ് പ്രൊഫഷണല്‍ പ്ളെയേഴ്സ് അസോസിയേഷനും പിഎസ്എല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കളിക്കാരോടു ആവശ്യപ്പെട്ടു.