ശ്രീജിത്തിനെതിരെ നടപടിയ്ക്കു പുതിയ റിപ്പോര്‍ട്ട് ആവശ്യമില്ല: ജോസഫ് എം. പുതുശേരി
Friday, February 1, 2013 10:14 AM IST
പത്തനംതിട്ട: ഡിഐജി ശ്രീജിത്തിന്റെ അനധികൃത ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും നിലവിലുള്ള അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാകുമെന്നും മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയുമായ ജോസഫ് എം.പുതുശേരി.

എഡിജിപിമാരുടെ മൂന്നു റിപ്പോര്‍ട്ടുകളെങ്കിലും ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 2008 മുതല്‍ ഗവണ്‍മെന്റിന്റെ പക്കലുണ്െടങ്കിലും ഇവയെല്ലാം പൂഴ്ത്തി നടപടികളില്‍ നിന്നു ഡിഐജി രക്ഷപെടുകയായിരുന്നുവെന്നു പുതുശേരി പറഞ്ഞു.

ഒരു ഇന്ത്യന്‍ പൌരനെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുവൈറ്റിലെത്തിച്ചു ജയിലിലാക്കിയ സംഭവത്തില്‍ 2008ല്‍ താന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനു നല്കിയ പരാതിയിന്മേല്‍ അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടതു പ്രകാരം എഡിജിപി വിന്‍സന്‍ എം പോള്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് കുറ്റക്കാരനാണെന്നു കണ്ടു നടപടി ആവശ്യപ്പെട്ടെങ്കിലും ഇതേവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഏതു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും നടപടികളില്‍ നിന്നൊഴിവാകാനുള്ള അസാധാരണമായ മെയ് വഴക്കം കാട്ടിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും പുതുശേരി പറഞ്ഞു.