കൊല്ലത്തെ പ്രധാന തുറമുഖമായി വികസിപ്പിക്കും : മന്ത്രി
Friday, February 1, 2013 6:45 PM IST
കൊല്ലം: വിഴിഞ്ഞം കഴിഞ്ഞാല്‍ പ്രധാന തുറമുഖങ്ങളിലൊന്നായി കൊല്ലത്തെ വികസിപ്പിക്കുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. കൊല്ലം തുറമുഖത്ത് ക്യാപ്പിറ്റല്‍ ഡ്രെഡ്ജിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 5.7 കോടി രൂപ ചെലവഴിച്ചാണ് ഡ്രെഡ്ജിംഗ് നടപ്പാക്കുന്നത്.

തുറമുഖത്തെ കപ്പല്‍ ചാലിന്റെ ആഴം ഡ്രെഡ്ജിംഗ് പൂര്‍ത്തിയാകുന്നതോടെ ഒന്‍പത് മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ കഴിയും. വലിയ കപ്പലുകള്‍ക്കും തുറമുഖത്തെത്താന്‍ ഇതോടെ സാധിക്കും. 34 കപ്പലുകളിലായി അഞ്ച് ലക്ഷം ടണ്‍ കാര്‍ഗോ കൊല്ലം തുറമുഖത്ത് എത്തിക്കുന്നതിനായി അഗ്രിമ കണ്‍സള്‍ട്ടന്‍സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. പാസഞ്ചര്‍ കാര്‍ഗോ ടെര്‍മിനലിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 12 കോടി രൂപ ചെലവില്‍ കണ്െടയ്നര്‍ ഹാന്‍ഡിലിംഗ് ക്രെയിന്‍ തുറമുഖത്ത് സ്ഥാപിക്കും. മൂന്നര കോടി രൂപയുടെ ടഗിന്റെ നിര്‍മാണം പുരോഗമിക്കുന്നു. രണ്ട് കോടി രൂപ മുടക്കി തുറമുഖത്തെ പഴയ ടഗിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നു.

പള്ളിത്തോട്ടം-വാടി റോഡിന് 64 ലക്ഷം രൂപയുടെ ഭരണ-സാങ്കേതിക അനുമതി നല്‍കിക്കഴിഞ്ഞു. തീരദേശ റോഡിന്റെ വികസനത്തിനായി ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന് സമീപം 71 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലം തുറമുഖത്തിന്റെ നഷ്ടപ്രതാപം വീണ്െടടുക്കാന്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മന്ത്രി കെ.ബാബു അഭ്യര്‍ഥിച്ചു.