ഓംപ്രകാശ് ചൌട്ടാലയുടെ ജാമ്യാപേക്ഷ തള്ളി
Friday, February 15, 2013 4:47 AM IST
ന്യൂഡല്‍ഹി: ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൌട്ടാലയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ചൌട്ടാല ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ചൌട്ടാലയുടെ ജാമ്യാപേക്ഷയില്‍ കോടതി സിബിഐയോട് അഭിപ്രായം തേടി. അദ്ദേഹത്തിന്റെ ആരോഗ്യ വിവരത്തെക്കുറിച്ച് ജയില്‍ അധികൃതരോടും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഏപ്രില്‍ നാലിന് പരിഗണിക്കുമെന്ന് ജസ്റിസ് മുക്ത ഗുപ്ത ഉത്തരവിട്ടു. ചൌട്ടാലയുടെ ആരോഗ്യനില കണക്കിലെടുത്ത് ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.

നിയമവിരുദ്ധമായി അധ്യാപക നിയമനം നടത്തിയ കേസില്‍ 10 വര്‍ഷം കഠിന തടവിനു ശിക്ഷിപ്പെട്ട ചൌട്ടാല ജനുവരി 16 മുതല്‍ തിഹാര്‍ ജയിലിലാണ്. 12 വര്‍ഷം മുന്‍പ് 3,206 അനധികൃത അധ്യാപക നിയമനങ്ങള്‍ നടത്തിയെന്ന കുറ്റത്തിനാണു ശിക്ഷ വിധിച്ചിരിക്കുന്നത്.

അഞ്ച് തവണ മുഖ്യമന്ത്രിയായ നാഷനല്‍ ലോക്ദള്‍ നേതാവ് ചൌട്ടാല 1999 മുതല്‍ 2005 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അനധികൃത നിയമനങ്ങള്‍ നടന്നത്. കേസില്‍ ചൌത്താലക്കു പുറമേ, മകന്‍ അജയ് ചൌട്ടാലയും ഉള്‍പ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷിച്ച കേസില്‍ 53 പേരെ കുറ്റക്കാരെന്നു കണ്െടത്തിയിരുന്നു. ഓംപ്രകാശ് ചൌട്ടാല അടക്കം കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്നു സിബിഐ കോടതി വിധിക്കുകയായിരുന്നു.