താമരശേരിയിലെ തീ കെടുത്തണം
Thursday, October 23, 2025 12:00 AM IST
താമരശേരിയിൽ മാലിന്യസംസ്കരണ ഫാക്ടറി വായുവും വെള്ളവും മലിനമാക്കുന്നെങ്കിൽ അതെന്തു മാലിന്യസംസ്കരണമാണ് എന്നറിയണം. കോടതികൾക്കും ജനാധിപത്യ മാർഗങ്ങൾക്കും മുകളിൽ തീയിടുന്നവരുടെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്യണം.
താമരശേരിക്കടുത്ത് അമ്പായത്തോട്ടിലെ മാലിന്യസംസ്കരണ കേന്ദ്രം ചാന്പലാക്കിയതിൽ ചില മുന്നറിയിപ്പുകളുണ്ട്. ഒന്നാമത്, ജനജീവിതം ദുഃസഹമാക്കിയ ഫാക്ടറിക്കെതിരേ അഞ്ച് വർഷമായി ജനങ്ങൾ സമാധാനപരമായി നടത്തിയ സമരം സർക്കാർ പരിഹരിച്ചില്ല. ചൊവ്വാഴ്ചത്തെ ഉപരോധസമരത്തിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ കടത്തിവിട്ട പോലീസ് നടപടി പ്രകോപനമാകുകയും ചെയ്തു.
അതേസമയം, ജനം പ്രതിഷേധിക്കുന്നതിനിടെ മുഖംമൂടി ധരിച്ച ഒരുസംഘമാളുകൾ കുറച്ചകലെയുള്ള ഫാക്ടറിയിൽ കടന്നു തീയിടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും തല്ലിത്തകർക്കുകയും ചെയ്തത് അത്ര സ്വാഭാവികമെന്നു കരുതാനുമാകില്ല. അവഗണിക്കപ്പെടുന്ന സമരങ്ങളിൽ നിക്ഷിപ്ത താത്പര്യക്കാർ നുഴഞ്ഞുകയറിയോ എന്നും അറിയേണ്ടതാണ്.
കട്ടിപ്പാറ പഞ്ചായത്തിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് എന്ന കോഴിമാലിന്യ നിർമാർജന കേന്ദ്രം. ജില്ലയിലെ കോഴിക്കടകളിൽനിന്നുള്ള അഴുകാത്ത അവശിഷ്ടങ്ങൾ എത്തിച്ച് മറ്റ് ഉത്പന്നങ്ങളാക്കുന്നതാണ് പ്രക്രിയ. പക്ഷേ, 20-30 ടൺ ശേഷിയുള്ള ഇവിടേക്ക് പത്തിരട്ടി കോഴി അവശിഷ്ടങ്ങൾ എത്തിക്കുന്നുണ്ടെന്നും കൊണ്ടുവരുന്നത് പഴകിയതാണെന്നുമാണ് പരാതി.
കോഴിക്കോട് ജില്ലയിൽ 80 ടൺ മാലിന്യമെങ്കിലും ഒരുദിവസം ഉണ്ടാകുന്നുണ്ടെന്നാണ് സർക്കാർതന്നെ കഴിഞ്ഞ ഫെബ്രുവരിയിൽ പറഞ്ഞിട്ടുള്ളത്. ഇപ്പോഴത് 100 ടണ്ണെങ്കിലും ആയിട്ടുണ്ട്. ഫ്രീസര്‍ സംവിധാനമുള്ള വലിയ മൂന്ന് കണ്ടെയ്നര്‍ വണ്ടികള്‍ കന്പനി പുതുതായി റൂട്ടില്‍ ഇറക്കുമെന്നും സർക്കാരിന്റെ പിആർഡി അറിയിപ്പുണ്ടായിരുന്നു.
പക്ഷേ, അതൊന്നും പ്രായോഗികമായില്ലന്നാണു കരുതേണ്ടത്. ദുർഗന്ധം മൂലം പരിസരപ്രദേശത്ത് ജീവിക്കാനാകുന്നില്ലെന്നാരോപിച്ചാണ് താമരശേരിക്കു പുറമേ കോടഞ്ചേരി, ഓമശേരി പഞ്ചായത്തുകളിൽനിന്നുള്ളവരും അഞ്ചു വർഷമായുള്ള സമരം തുടരുന്നത്. ഇരുതുള്ളിപ്പുഴ മലിനമായതും ഫാക്ടറി മൂലമാണെന്നാണ് ആരോപണം. നാല് സ്കൂളുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സമവായ നീക്കങ്ങൾ പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച രാവിലെ പത്തോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഉപരോധസമരം തുടങ്ങി. പോലീസ് തടഞ്ഞതോടെ പിന്മാറിയ സമരക്കാർ, മൂന്നരയോടെ പോലീസ് കടത്തിവിട്ട അറവുമാലിന്യ വാഹനങ്ങൾ തടഞ്ഞു. വാഹനങ്ങൾക്കും പോലീസിനുംനേരേ ആൾക്കൂട്ടം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
ഇതിനിടെയാണ് ഒരുപറ്റം മുഖംമൂടിധാരികൾ ഫാക്ടറിക്കും വാഹനങ്ങൾക്കും തീയിട്ടത്. ഫയര്‍ഫോഴ്സിനെയും സമരക്കാർ തടഞ്ഞു. റൂറല്‍ എസ്പിയും താമരശേരി സിഐയും അടക്കം പതിനഞ്ചിലധികം പോലീസുകാര്‍ക്കും 30 നാട്ടുകാര്‍ക്കും പരിക്കുണ്ട്. 321 പേർക്കെതിരേ കേസെടുത്തു. സമാധാനപരമായ സമരത്തിനിടെ 2013 നവംബറിൽ താമരശേരി അടിവാരം കാരാടിയിൽ ബാർ കത്തിച്ച സംഭവത്തിന് ഇതുമായി സാമ്യമുണ്ട്.
അന്നും മുഖംമൂടി ധരിച്ചവരാണ് വാഹനങ്ങൾക്കും ബാറിനും തീയിട്ടത്. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇത്തരം കൊള്ളിവയ്പുകൾ അനുവദിക്കാനാകില്ല. കേരളത്തിലെ സാധാരണക്കാർക്ക് താരതമ്യേന താങ്ങാവുന്ന വിലയിൽ കിട്ടുന്നതും ഏറ്റവുമധികം ഹോട്ടൽ വിഭവങ്ങൾക്ക് ഉപയോഗിക്കുന്നതും ചിക്കനാണ്. ഇതിന്റെ മാലിന്യസംസ്കരണം ഒഴിവാക്കാനാകില്ല.
അതേസയം, ജനങ്ങളെ ദ്രോഹിക്കാത്തവിധം അതു നിർവഹിക്കുകയും വേണം. പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞാലും മലിനീകരണ നിയന്ത്രണ ബോർഡും പ്രാദേശിക ഭരണകൂടങ്ങളും നിഷ്പക്ഷമായും കാര്യക്ഷമമായും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. എന്തായാലും, വർഷങ്ങളോളം തങ്ങളുടെ ദുരിതങ്ങൾ അക്കമിട്ടു പറഞ്ഞ് ജനങ്ങൾ നടത്തിയ സമാധാനപരമായിരുന്ന സമരമാണ് ഇപ്പോൾ ആളിപ്പടർന്നിരിക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള ആശമാരുടെ സമരം പോലും അവഗണിച്ചും അവഹേളിച്ചും ചവിട്ടിയരയ്ക്കുന്ന പാർട്ടികൾക്കും സർക്കാരുകൾക്കും താമരശേരിയിൽനിന്നു പഠിക്കാനുണ്ട്. ഈ മാലിന്യസംസ്കരണ ഫാക്ടറി ആയിരക്കണക്കിനു മനുഷ്യർക്കുള്ള വായുവും വെള്ളവും മലിനമാക്കുന്നെങ്കിൽ അതെന്തു മാലിന്യ സംസ്കരണമാണെന്നറിയണം. കോടതികൾക്കും ജനാധിപത്യ മാർഗങ്ങൾക്കും മുകളിൽ തീയിടുന്നവരുടെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്യണം.