തണ്ടപ്പേർ ഫയലിലും ഒരു ജീവനൊടുക്കിയോ?
Wednesday, October 22, 2025 12:00 AM IST
സർക്കാർ ജീവനക്കാർ ചവിട്ടിപ്പിടിച്ച കൃഷ്ണസ്വാമി എന്ന കർഷകന്റെ ഫയലും നിശ്ചലമായി. ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ?
ഒരു തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറു മാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടാണ് കൃഷ്ണസ്വാമി കയറെടുത്തത്. അല്ലെങ്കിൽ അദ്ദേഹം ജീവനൊടുക്കില്ലായിരുന്നെന്നു ഭാര്യ പറയുന്നു. അതു വസ്തുതാപരമാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും വേണം. പക്ഷേ, സാധ്യതയില്ല.
ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ ജീവനക്കാർ ചവിട്ടിപ്പിടിച്ച ഒരു ഫയൽകൂടി നിശ്ചലമായത്? ജനങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്ന ഈ ദുഷ്പ്രഭുക്കളെ ഒതുക്കാൻ ശേഷിയുള്ള ഭരണാധികാരികൾക്കായി ഇനിയെത്ര കാലം കാത്തിരിക്കണം!
അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ ആണ് തിങ്കളാഴ്ച രാവിലെ കൃഷിസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കൃഷ്ണസ്വാമി. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽ കണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കുടുംബം പറഞ്ഞത്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു തണ്ടപ്പേരിൽ വ്യത്യാസം വന്നതെന്നും അതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നുമാണ് റവന്യു വകുപ്പിന്റെ ന്യായീകരണം. ഇത്തരം കേസുകളിൽ പതിവായി കേൾക്കുന്ന വാക്കാണ് സാങ്കേതിക പ്രശ്നം. ആറു മാസംകൊണ്ടും തീർക്കാനാകാത്ത ആ സാങ്കേതിക പ്രശ്നം എന്താണെന്ന് അറിയാൻ ജനത്തിനു താത്പര്യമുണ്ട്. ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുകയും വേണം.
തണ്ടപ്പേർ പകർപ്പ് കൊടുക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാനന്തനാടി പയ്യന്പള്ളി വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടിയത്. തണ്ടപ്പേർ പകർപ്പ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെത്തന്നെ പാലക്കാട് വാണിയംകുളം-1 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായത് കഴിഞ്ഞ ജൂണിലാണ്. ഏപ്രിലിലാണ് കൈക്കൂലി വാങ്ങവെ പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ അറസ്റ്റിലായത്. വളരെ ചുരുക്കം ആളുകളാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കൈക്കൂലിക്കേസിൽ പരാതി കൊടുക്കുന്നത്. 99 ശതമാനത്തിലധികവും പണം കൊടുത്ത് എങ്ങനെയെങ്കിലും കാര്യം സാധിക്കട്ടെയെന്നു തീരുമാനിക്കുകയാണ്.
പതിറ്റാണ്ടുകളായി മാറിമാറി വരുന്ന സർക്കാരുകൾ, ഭരണം സുതാര്യമാക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും വീന്പിളക്കുന്നതല്ലാതെ ഒരു ചുക്കും സംഭവിക്കുന്നില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നു ശന്പളം വാങ്ങുന്നതിൽ വലിയൊരു വിഭാഗം അതേ ജനങ്ങളുടെ അവകാശങ്ങൾ നടത്തിക്കൊടുക്കാൻ കൈക്കൂലിയും വാങ്ങുന്നു. അഴിമതിക്കാരായ ഭരണകർത്താക്കൾക്ക് ഇതു നിയന്ത്രിക്കുന്നതിനു പരിമിതിയുണ്ട്. ജീവനക്കാരുടെ സംഘടനകളും തങ്ങളുടെ അഴിമതിക്കാരെ തൊടില്ല. പ്രസംഗവും അഴിമതിയും സമാന്തരമായി മുന്നേറുന്നതിനാൽ കൈക്കൂലി കൊടുത്താലേ കാര്യം നടക്കൂയെന്നതു നാട്ടുനടപ്പായി. വിരലിലെണ്ണാവുന്നവർ പിടിയിലായാലും ചെറിയൊരു സസ്പെൻഷന്റെ, ശന്പളത്തോടുകൂടിയ അവധി ആസ്വദിക്കുകയാണ്.
കൈക്കൂലിപോലെ മറ്റൊരു അഴിമതിയാണ് സർക്കാർ ഓഫീസുകളിലെ അലസത. 10 മിനിറ്റുകൊണ്ട് ചെയ്തുകൊടുക്കാവുന്ന ജോലികളും അവധിക്കു വച്ച് ജനത്തെ നരകിപ്പിക്കുന്നതു പതിവായി. ആവശ്യത്തിനും അനാവശ്യത്തിനും കോടതികൾ കേസ് അവധിക്കു വയ്ക്കുന്നതുപോലെയാണ് സർക്കാർ ഓഫീസുകളിലെയും സ്ഥിതി. കൈക്കൂലി, ഓഫീസിൽനിന്ന് മുങ്ങൽ, ജോലി വൈകിക്കൽ, ധാർഷ്ട്യം ഉൾപ്പെടെയുള്ള എല്ലാ അഴിമതികളെയും ഒളിപ്പിച്ചിരിക്കുന്ന കോട്ടകൾ തകർക്കേണ്ട കാലം കഴിഞ്ഞു. ഇത് അസാധ്യമല്ല, പക്ഷേ, അഴിമതിരഹിതരായ, ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഉണ്ടാകണം.
ശിക്ഷിക്കപ്പെടുന്നവരെ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് തരംതാഴ്ത്തുകയോ ജോലിയിൽനിന്നു പിരിച്ചുവിടുകയോ ചെയ്യണം. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ജീവനക്കാരുടെ സംഘടനകളെ അനുവദിക്കരുത്. ജീവനക്കാർ കൈക്കൂലിക്കേസിൽ പിടിയിലാകുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അവർക്കെതിരേ സ്വീകരിച്ച നടപടികളും ജനങ്ങൾ അറിയേണ്ടതാണ്. ഓൺലൈൻ, ഡിജിറ്റൽ സാധ്യതകൾ ഇത്ര വിപുലമായ കാലത്ത് ജീവനക്കാരന്റെ മുന്നിൽ ജനം കുന്പിട്ടു നിൽക്കുന്ന സ്ഥിതി അപമാനകരമാണ്.
കൃഷ്ണസ്വാമിയില്ലാത്ത കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആധിയോ, എല്ലുമുറിയെ പണിതാലും പ്രത്യേക അവകാശങ്ങളൊന്നുമില്ലാത്ത കർഷകരുടെ ക്ലേശങ്ങളോ ചില്ലുമേടയിലിരിക്കുന്ന ജീവനക്കാർക്കു മനസിലാകില്ല. ഈ കേസിൽ ഉത്തരവാദികളുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ, നാളെ മറ്റൊരാൾ മറ്റൊരു പേരിൽ കൃഷ്ണസ്വാമിയുടെ വഴിയേ പോകും.