സമാധാനം അകലെ; ട്രംപിന്റെ വിളിയും ഫലം കാണുന്നില്ല
Tuesday, May 20, 2025 11:24 PM IST
കീവ്: വെടിനിര്ത്തല് സംബന്ധിച്ച് റഷ്യ, യുക്രെയ്ൻ നേതാക്കളുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വ്ലാദിമിർ പുടിനും വോളോദിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച ട്രംപ് സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ നൽകി. എന്നാൽ, മന്ദഗതിയിൽ നടക്കുന്ന ചർച്ചകൾക്ക് ആശാവഹമായ പുരോഗതിയുണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
യുദ്ധവും അധിനിവേശവും തുടരാൻ റഷ്യ സമയം നീട്ടിയെടുക്കുകയാണെന്നു സെലൻസ്കി ആരോപിച്ചു. റഷ്യക്കെതിരേ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തി സമ്മർദം ചെലുത്താൻ ശ്രമിച്ചുവരികയാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
30 ദിവസം വെടിനിർത്തൽ മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കാനാവാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തി റഷ്യ അതു തടഞ്ഞെന്നും യുക്രെയ്ൻ ആരോപിച്ചു. മുഖാമുഖം ചർച്ചയാവാമെന്നു സെലൻസ്കി നിർദേശംവച്ചു. എന്നാൽ, പുടിൻ അതും നിരസിച്ചു. ഇതോടെ സമാധാന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ തന്റെ ഇടപെടൽ ആവശ്യമാണെന്നു പറഞ്ഞാണ് ട്രംപ് റഷ്യ, യുക്രെയ്ൻ നേതാക്കളുമായി ഫോണിൽ ചർച്ച നടത്തിയത്.
തിങ്കളാഴ്ച ഇരുനേതാക്കളുമായി വെവ്വേറെ സംസാരിച്ച് ഫോൺവച്ചശേഷം ട്രംപ് വെടിനിർത്തൽ ചർച്ചകൾ “ഉടനടി”ആരംഭിക്കുമെന്ന്പ്രഖ്യാപിച്ചു. എന്നാൽ ചർച്ചകൾ എപ്പോൾ, എവിടെ നടക്കുമെന്നതിനെക്കുറിച്ചു വിശദാംശമുണ്ടായിരുന്നില്ല.
നിലവിലെ സ്ഥിതി തുടരുകയാണെന്നായിരുന്നു ഇതിന് യുക്രെയ്ന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. പുടിൻ ഒരിക്കലും തന്റെ നിലപാട് മാറ്റിയിട്ടില്ലെന്ന് എസ്തോണിയൻ പ്രതിരോധ മന്ത്രി ഹാനോ പെവ്കുർ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താത്കാലിക വെടിനിർത്തൽ കരാറിൽപോലും എത്തിച്ചേരാനാവാത്ത അവസ്ഥയാണു നിലവിൽ. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്ത വ്യവസ്ഥകളിൽ ഇരു രാഷ്ട്രങ്ങളും ഉറച്ചുനിൽക്കുകയാണ്.
വെള്ളിയാഴ്ച നടന്ന ആദ്യ സമാധാനചർച്ച രണ്ടു മണിക്കൂറിനുള്ളിൽ അവസാനിച്ചു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിൽ മാത്രമാണു തീരുമാനമുണ്ടായത്.