അട്ടപ്പാടിയിൽ വയോധികനെ കാട്ടാന എടുത്തെറിഞ്ഞു
Saturday, May 31, 2025 1:29 AM IST
അഗളി: അട്ടപ്പാടി ചീരക്കടവിൽ വയോധികനുനേരേ കാട്ടാനയുടെ ആക്രമണം. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലനെ (70) യാണ് കാട്ടാന ആക്രമിച്ചത്. മല്ലനു ഗുരുതരപരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശത്തായിരുന്നു സംഭവം. നാൽക്കാലികളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനു മുന്നിൽപ്പെടുകയായിരുന്നു. കാട്ടാന എടുത്തെറിഞ്ഞതിനെതുടർന്ന് മല്ലന്റെ നട്ടെല്ലിനും വാരിയെല്ലുകൾക്കും തോളെല്ലിനും പരിക്കേറ്റു.
പ്രദേശത്തു കാട്ടാനനിരീക്ഷണത്തിനെത്തിയിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു മല്ലനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഥമശുശ്രൂഷയ്ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്രദേശത്ത് ആഴ്ചകളായി കാട്ടാനശല്യമുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.