ഗുണനിലവാരമില്ലാത്ത മരുന്ന്: വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Tuesday, June 20, 2023 9:28 PM IST
ന്യൂഡൽഹി: മരുന്നുകളുടെ ഗുണമേന്മയിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ. വ്യാജ മരുന്നുകൾ മൂലമുണ്ടാകുന്ന മരണങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികൾ എപ്പോഴും ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ കഴിച്ചുണ്ടായ മരണങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഏഴ് ഇന്ത്യൻ നിർമിത മരുന്നുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യയിൽനിന്നുള്ള ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് മരണകാരണമായത്. ലോകത്താകമാനം 200-ലധികം മരണങ്ങളാണ് ഇതുമൂലം ഉണ്ടായത്.
വ്യാജ മരുന്നുകളോട് സീറോ ടോളറൻസ് നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. കൃത്രിമം കണ്ടെ ത്തിയ കഫ്സിറപ്പുകൾ നിർമ്മിച്ച 71 ഇന്ത്യൻ കന്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെ ന്നും അവയിൽ ചിലത് പൂട്ടുന്നതിന് നിർദേശം നൽകിയതായും മാണ്ഡവ്യ വ്യക്തമാക്കി.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ രാജ്യത്തുടനീളം വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെ ന്നും വ്യാജ മരുന്നുകൾ കാരണം മരണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ജാഗ്രത പാലിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ ഫാർമസിയെന്ന് ഇന്ത്യയ്ക്കുള്ള ബഹുമതി നിലനിർത്താൻ ആഗ്രഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ നിർമിച്ചിട്ടുള്ള ഐ ഡ്രോപ്പുകൾ ഉപയോഗിച്ച് വിദേശത്ത് ചില രോഗികൾക്ക് കാഴ്ച നഷ്ടമായതായും കഴിഞ്ഞ വർഷം ഗാംബിയയിൽ 66 കുട്ടികളുടെയും ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെയും മരണത്തിന് ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾ കാരണമായതായും ലോകാരോഗ്യം സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് 12 കുട്ടികൾ മരിച്ചതായും സംശയിക്കുന്നുണ്ട്.