മാറനല്ലൂരിൽ യുവാവിനെ കടത്തിക്കൊണ്ടുപോയി മർദിച്ച പ്രതികൾ പിടിയിൽ
Tuesday, October 7, 2025 12:46 AM IST
തിരുവനന്തപുരം: മാറനല്ലൂരിൽ യുവാവിനെ കടത്തിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഊന്നംപാറ സ്വദേശി അനന്തുവിന് ആണ് മർദനമേറ്റത്. ഇയാൾക്ക് നട്ടെല്ലിനും മൂക്കിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കിള്ളി കമളിതലയ്ക്കൽ സ്വദേശി അമൽകൃഷ്ണ (19), കണ്ടല സ്വദേശി ഷാറ്റ (19), കിള്ളി എള്ളുവിളയിൽ വിഷ്ണു (21), അരുമാളൂർ സ്വദേശി അബ്ദുൾ റൗഫ് (20), ഒറ്റശേഖരമംഗലം പാലോട്ടുകോണം സ്വദേശി അഭിഷേക് (19), കണ്ടല ചിറയ്ക്കൽ മുഹമ്മദ് ഹാജ(19) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാറനല്ലൂർ ജംഗ്ഷനിൽ നിന്ന അനന്തുവിനെ പ്രതികളിൽ ഒരാൾ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി. യുവാവിനെ കണ്ടലയിലെ വീട്ടിലെത്തിച്ച് മറ്റ് പ്രതികളുമായി ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് അനന്തുവിനെ ബൈക്കിൽ കയറ്റി കാട്ടാക്കടയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. മുൻവൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.